പ്രവാസികൾക്ക്  കുടുംബ വിസ അനുവദിക്കുന്നത് ഇന്നുമുതൽ പുനരാരംഭിക്കും

0
28

കുവൈത്ത് സിറ്റി : തിങ്കളാഴ്ച മുതൽ കുവൈത്തിൽ പ്രവാസികൾക്ക്  കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിക്കും. അപേക്ഷകർക്ക് നിശ്ചയിച്ച കുറഞ്ഞ ശമ്പളപരിധി 500 ദിനാർ ആണ്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

5 വയസ്സിനു താഴെയുള്ള മക്കളുടെ വിസ അപേക്ഷയാണ് ആദ്യഘട്ടത്തിൽ സ്വീകരിക്കുക. ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടിയാണെങ്കിൽ താമസ കാര്യ വിഭാഗം മാനേജരുടെ പ്രത്യേക അനുമതി പ്രകാരം ശമ്പള വ്യവസ്ഥയിൽ ഇളവ് ലഭിക്കും. അതേസമയം,മന്ത്രി സഭാ യോഗ തീരുമാന പ്രകാരമുള്ള പ്രോഫേഷനലുകൾക്ക് ചുരുങ്ങിയ ശമ്പള പരിധി വ്യവസ്ഥ ബാധകമല്ല. അതോടൊപ്പം മക്കളെ കൊണ്ടു വരുന്നതിനു പിതാവിനും മാതാവിനും സാധുവായ റെസിഡൻസി ഉണ്ടായിരിക്കണം എന്നത് പ്രധാന വ്യവസ്ഥയാണ്.

ഭാര്യ, 5 വയസ്സിനു മുകളിൽ പ്രായമായ മക്കൾ, സ്വന്തം മാതാപിതാക്കൾ,ഭാര്യയുടെയോ ഭർത്താവിന്റെയോ മാതാ പിതാക്കൾ എന്നിവരെ ആശ്രിത വിസയിൽ കൊണ്ടു വരുന്നതിനുള്ള അനുമതിയും ഉടൻ തന്നെ ആരംഭിക്കും.എന്നാൽ ഈ വിഭാഗങ്ങളെ കൊണ്ടു വരുന്നതിനു കുറഞ്ഞ ശമ്പള പരിധി 800 ദിനാർ ആയി ഉയർത്തുമെന്നുമാണ് മന്ത്രാലയ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

അതേസമയം സിറിയ ,ഇറാൻ , പാകിസ്ഥാൻ ,യെമൻ ,ഉത്തര കൊറിയ , അഫ്ഗാനിസ്ഥാൻ ,ഇറാഖ് എന്നീ രാജ്യക്കാർക്ക് കുടുംബ വിസ അനുവദിക്കില്ല.