അമേരിക്കയെ സമനിലയിൽ തളച്ച് വെയ്ൽസ്; സെനഗലിനെ വീഴ്ത്തി നെതർലാൻഡ്

0
23

ലോകകപ്പിൽ പുലർച്ചെ നടന്ന മത്സരത്തിൽ അമേരിക്കയെ സമനിലയിൽ തളച്ച് വെയ്ൽസ്.  തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിൽ കരുത്തരായ നെതർലൻഡ്സ് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് സെനഗലിനെ പരാജയപ്പെടുത്തി.

ഗ്രൂപ്പ് ബി മത്സരത്തിൽ സൂപ്പർ താരം ഗരത് ബെയ്ൽ നേടിയ ഗോളിലാണ് കരുത്തരായ അമേരിക്കയെ വെയ്ൽസ് തളച്ചത്.  തുടക്കം മുതൽ അമേരിക്കയ്ക്കെതിരെ മേധാവിത്വം പുലർത്തിയത് വെയ്ൽസ് ആയിരിക്കുന്നു. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി പുലിസിക്കിന്‍റെ അസിസ്റ്റിൽ തിമോത്തി വീയിലൂടെ അമേരിക്ക മുന്നിലെത്തി. ഗോൾ മടക്കാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും 82-ാം മിനിട്ട് വരെ വെയ്ൽസിന് കാത്തിരിക്കേണ്ടി വന്നു. പെനാൽറ്റി കിക്കിലൂടെയാണ് ഗാരെത് ബെയ്ൽ സമനില ഗോൾ നേടിയത്. ഈ ജയത്തോടെ ബി ഗ്രൂപ്പിൽ അമേരിക്കയ്ക്കും വെയ്ൽസിനും ഓരോ പോയിന്‍റ് ലഭിച്ചു. ഇറാനെ കീഴടക്കി മൂന്നു പോയിന്‍റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്.

ആദ്യ പകുതിയിൽ സെനഗലിൽ നേരിട്ട കടുത്ത പരീക്ഷണം അതിജീവിച്ചായിരുന്നു ഗ്രൂപ്പ് എ മത്സരത്തിൽ നെതർലൻഡ്സിന്‍റെ വിജയം. മത്സരത്തിന്‍റെ അവസാന മിനിട്ടുകളിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. 84-ാം മിനിട്ടിൽ കോഡി ഗാക്പോയും രണ്ടാം പകുതിയിൽ ഇഞ്ചുറി ടൈമിലെ ഒമ്പതാം മിനിട്ടിൽ ഡേവി ക്ലാസനുമാണ് ഓറഞ്ച് പടയ്ക്കുവേണ്ടി സ്കോർ ചെയ്തത്. ഈ ജയത്തോടെ ഗ്രൂപ്പ് എയിൽ മൂന്ന് പോയിന്‍റ് നേടി നെതർലൻഡ്സ്, ഇക്വഡോറിനൊപ്പം ഒന്നാം സ്ഥാനത്താണ്.