കുവൈത്ത് സിറ്റി: “ആരോഗ്യമാണ് സമ്പത്ത്” മുദ്രാവാക്യം മുൻനിർത്തി ഇന്ത്യൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 20 ന് അന്താരാഷ്ട്ര ശിശുദിനത്തിന്റെ പശ്ചാത്തലത്തിൽ നവംബർ 21, 22 തീയതികളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി ബദർ അൽ സമ മെഡിക്കൽ സെന്റർ ഫർവാനിയയിലെ ഡോക്ടർമാരുടെയും വിദഗ്ധരുടെയും സംഘമാണ് ക്യാമ്പയിൻ്റെ ഭാഗമായത്.
പ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ഡെന്റൽ ചെക്കപ്പ്, നേത്ര പരിശോധന, ബിഎംഐ എന്നിവ ക്യാമ്പിൽ ഉണ്ടായിരുന്നു. പരിശോധനകൾക്ക് ശേഷം ചികിത്സകൾ നിർദേശവും റിപ്പോർട്ടുകളും നൽകി.
ആരോഗ്യം, ഭക്ഷണക്രമം, ആരോഗ്യകരമായ ജീവിതശൈലി എന്ന വിഷയത്തിൽ സീനിയർ സെക്കൻഡറി വിംഗിലെ വിദ്യാർത്ഥികൾക്കായി സെമിനാർ കം ഇന്ററാക്ടീവ് സെഷനും സംഘടിച്ചിരുന്നു. കൗമാരക്കാരിൽ അവരുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിനും ശാരീരിക പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിനും സ്വീകരിക്കാവുന്ന മനോഭാവത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതായിരുന്നു സെമിനാറിന്റെ ലക്ഷ്യം.
ശരിയായ ഭക്ഷണക്രമത്തിലൂടെ ശരിയായ പോഷകങ്ങൾ ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെഷൻ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. ജങ്ക് ഫുഡ് കഴിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ചും വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകി.
അമിതവണ്ണം, ബുളിമിയ, അനോറെക്സിയ, അനീമിയ തുടങ്ങിയ ശാരീരിക പ്രശ്നങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങളും സെഷനിൽ കുട്ടികൾക്ക് വ്യക്തമായ ക്ലാസുകൾ നൽകി.