ആറു മാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്ത് ആശ്രിത വിസയിലുള്ളവർക്ക് ഇളവിന് അപേക്ഷിക്കാം

0
54

കുവൈറ്റ് സിറ്റി :  ആർട്ടിക്കിൾ 22 പ്രകാരം ആശ്രിത വിസയിലുള്ള ആറു മാസത്തിൽ കൂടുതലായി കുവൈറ്റിന്  പുറത്ത് കഴിയുന്നവർ ഈ മാസം 31 നകം  തിരികെ പ്രവേശിക്കണം എന്ന് നേ രത്തെ നിർദേശമുണ്ടായിരുന്നു. എന്നാൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വീണ്ടും  ഇളവ് നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ആശ്രിത വിസയിലുള്ള കുവൈത്തിനു പുറത്ത് പഠനം നടത്തുന്ന മക്കൾക്കും വിദേശത്ത് ചികിത്സയിൽ കഴിയുന്നവർക്കുമാണ് ഇളവ് ലഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ തൗഹീദ് അൽ കന്ദറി വ്യക്തമാക്കി.

ഇളവ് ലഭിക്കാൻ അതാത് ഗവർണറേറ്റു കളിലെ താമസ കാര്യ വിഭാഗം വഴി അപേക്ഷ സമർപ്പിക്കണം. വിദേശത്ത് പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ അപേക്ഷകളിൽ പഠിക്കുന്ന സർവകലാശാലയിൽ നിന്നുള്ള സാക്ഷ്യ പത്രം സമർപ്പിക്കേണ്ടതാണ്. ഈ സാക്ഷ്യപത്രം അതാത് രാജ്യങ്ങളിലെ എംബസി സാക്ഷ്യപ്പെടുത്തുകയും വേണം കുവൈത്തിനു പുറത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ അപേക്ഷകളും  അനുബന്ധ രേഖകളും എംബസി സാക്ഷ്യപ്പെടുത്തിയാണ്  സമർപ്പിക്കേണ്ടത്. അതേസമയം, 6 മാസത്തിലധികം രാജ്യത്തിനു പുറത്ത് കഴിഞ്ഞ് താമസ രേഖ റദ്ധാക്കപ്പെട്ടവർക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.