കുവൈത്ത് സിറ്റി : , കുവൈത്തിൽ പ്രവാസികൾക്കയുള്ള ദമാൻ ആശുപത്രികൾ പൂർണ്ണമായും പ്രവർത്തന സജ്ജമായതായി കമ്പനി സി.ഇ.ഒ താമർ അറബ് അറിയിച്ചു. രാജ്യത്തെ എല്ലാ ദമാൻ ആശുപത്രികളിലും ചികിത്സാ സൗകര്യങ്ങൾ പൂർണ തോതിൽ ലഭ്യമാകും എന്നും അദ്ദേഹം വ്യക്തമാക്കി .ജഹ്‌റ ഗവർണറേറ്റിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ ദമാൻ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
ഫാമിലി മെഡിസിൻ, ശിശു രോഗ വിഭാഗം, ദന്തരോഗ വിഭാഗം ഉൾപ്പെടെ പ്രതിവർഷം 243,000 രോഗികൾക്കായുള്ള പ്രവർത്തന ശേഷിയിലാണ് ജഹ്റ ഗവർണർറ്റിലെ 13 ദമാൻ ക്ലിനിക്കുകളുടെയും ആശുപത്രിയുടെയും പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ബ്‌നീദ് അൽ ഘാർ , സാൽമിയ, റിഗായ്, അഹമ്മദി എന്നീ പ്രദേശങ്ങളിൽ ഈ വർഷം നാല് പുതിയ ഹെൽത്ത് സെന്ററുകൾ കൂടി തുറന്ന് പ്രവർത്തിക്കും.. പ്രതിവർഷം 4.8 കോടിയിലധികം പേർക്ക് ചികിത്സ സൗകര്യം നൽകുന്ന തരത്തിൽ ഇവയുടെ പ്രവർത്തന ശേഷി ഉയർത്താൻ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടി ചേർത്തു. നിലവിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 1.8 ദശലക്ഷം പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സർക്കാർ ആശുപത്രികളിൽ നൽകുന്ന ചികിത്സ സൗകര്യം നിർത്തലാക്കി പകരം സംവിധാനം ഏർപ്പെടുത്തുവാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ദമാൻ ആശുപത്രികൾ സ്ഥാപിക്കുവാൻ സർക്കാർ തീരുമാനിച്ചത്.പൗരന്മാർക്ക് 50 ശതമാനം ഓഹരി നൽകി പൊതു പങ്കാളിത്തത്തോടെ നിർമ്മിച്ച ആശുപത്രി പൂർണ്ണ ശേഷിയിൽ പ്രവർത്തന സജ്ജമാകുന്നതോടെ പ്രവാസികളുടെ നിലവിലെ വാർഷിക ആരോഗ്യ ഇൻഷുറൻസ് ഫീസു വർദ്ധിപ്പിക്കുവാനുള്ള തീരുമാനം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ഇതോടെ നിലവിലെ വാർഷിക ഇൻഷുറൻസ് ഫീസ് 50 ദിനാറിൽ നിന്നും ഒറ്റയടിക്ക് 130 ദിനാർ ആയാണ് ഉയരുക.