ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ബാലൻ മക്കയിൽ മരിച്ചു. മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കൻതൊടി അബ്ദുൾറഹ്മാൻ ആണ് മരിച്ചത്. 9 വയസായിരുന്നു. ഉമ്മക്കും മറ്റു സഹോദരങ്ങൾക്കുമൊപ്പം ആയിരുന്നു ബാലൻ മക്കയിൽ എത്തിയത്.
തിങ്കളാഴ്ച ഉംറ നിർവഹിച്ച് താമസസ്ഥലത്ത് തിരികെ എത്തിയിരുന്നു. വിശ്രമം കഴിഞ്ഞ ശേഷം മസ്ജിദുൽ ഹറാമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടന്നു പോകുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും പിന്നീട് മറ്റേർനിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലുമായിരുന്നു ചികിത്സിച്ചത് . എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഹാഇലിൽ ആണ് കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്നത്. കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ ഇദ്ദേഹം മക്കയിൽ എത്തിയിട്ടുണ്ട്. മറ്റേർനിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. നടപടികൾ പൂർത്തിയാക്കി മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ് : മുക്കൻതൊടി നാസർ, മാതാവ് : ഖദീജ.