കുവൈത്ത് സിറ്റി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമപോരാട്ടം സുപ്രീം കോടതിയിൽ തുടരുന്നതിനിടയിൽ അതിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതത് ആശങ്ക ഉളവാക്കുന്നതാണ്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം തെരെഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള ബിജെപിയുടെ ധ്രുവീകരണ ആയുധം മാത്രമാണ്. രാജ്യത്തെ ധ്രുവീകരിക്കാനും ഒരു സമുദായത്തെ മാത്രം അപരവത്കരിക്കാനും ബിജെപി നടത്തുന്ന ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് നിന്ന് ചെറുക്കണമെന്ന് കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) ആവശ്യപ്പെട്ടു. രാജ്യത്ത് ഇലക്റ്ററൽ ബോണ്ട് വിഷയത്തിൽ തുടർച്ചയായി സുപ്രീം കോടതിയിൽ നിന്നേറ്റ പ്രഹരത്തെയും, രാജ്യത്തെ സാധാരണക്കാരൻ അനുഭവിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുമാണ് കേന്ദ്ര സർക്കാർ ഈ വേളയിൽ സി.എ.എ വിഷയം എടുത്തിടുന്നത്. മതത്തിൻ്റെ പേരിൽ രാജ്യത്ത് ഭിന്നതയുണ്ടാക്കുന്ന നടപടികൾക്കെതിരെ കെ.ഐ.സി നേതാക്കൾ വാർത്താ കുറിപ്പിൽ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി.