പാറപ്പുറത്തിൻ്റെ “അവസ്ഥാന്തരം “

സാം പൈനുംമൂട് എഴുതുന്നു

മലയാളത്തിൻ്റെ പ്രീയപ്പെട്ട നോവലിസ്റ്റ് പാറപ്പുറം 1978 ൽ പ്രസിദ്ധീകരിച്ച നോവലാണ് ” അവസ്ഥാന്തരം “.

ഗാഢമായ ജീവിത ദർശനം പാറപ്പുറം നോവലുകളിൽ പ്രകടമാണ്. നോവൽ രചന പാറപ്പുറത്തിന് കേവലം വിനോദോപാധിയായിരുന്നില്ല. പിന്നെയോ, ഗൗരവമാർന്ന ചിന്തകൾ ആയിരുന്നു നോവലുകളുടെ പ്രമേയം. മലയാള നോവൽ സാഹിത്യത്തെ നാല്ദശാബ്ദകാലത്തോളം സ്വന്തം പ്രതിഭയുടെ മാസ്മര ശക്തിയാൽ സചേതനമാക്കി പാറപ്പുറത്ത്. കുടുംബകഥകൾക്കാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. മനുഷ്യരുടെ സ്വകാര്യ ജീവിത ദുഃഖങ്ങൾക്കെന്നും മുൻഗണന നൽകിയിരുന്നു. മതിലകത്ത് കോരുതച്ചനു മൂന്ന് ആൺമക്കൾ. കൊച്ചിടിക്കള , കുഞ്ഞുതൊമ്മി , ചാണ്ടികുഞ്ഞ്. കോരുതച്ചൻ പേരുകേട്ട ചിട്ടിക്കാരനാണ്. ധനികനും സഭാകാര്യങ്ങളിൽ തൽപ്പരനും .കൊച്ചിടക്കള “കൂപ്പ് ” ലേലത്തിൻ്റെ മറവിൽ കിഴക്കൻമലകൾ കടന്നാക്രമിച്ച് രാജാവായി. കൊച്ചിടക്കളയുടെ മകനാണ് മതിലകത്ത് എം.കെ. സ്കറിയാ എന്ന കറിയാച്ചൻ . കറിയാച്ചൻ്റെ അനുജൻ ഉണ്ണികുഞ്ഞ്. നടുവത്താൻ എന്നറിയപ്പെട്ട കുഞ്ഞുതൊമ്മി ആജാനുബാഹു ! ഇളയവനായ ചാണ്ടികുഞ്ഞിൻ്റെ മകൻ കുഞ്ഞുമോൻ. എം. സി. പീലിപ്പോസ്  എന്ന ഔദ്യോഗികനാമം. All Kerala Rubber Growers Association President.ഭാര്യ മോളിക്കുട്ടി. രണ്ട് ആൺമക്കൾ. കുഞ്ഞുമോൻ – മോളിക്കുട്ടി ദമ്പതികളുടെ കഥയാണ് “അവസ്ഥാന്തരം .” മാതൃകാ ദമ്പതികൾ. എം.സി.പി. മുതലാളി എന്ന കുഞ്ഞുമോൻ സമ്പന്നനാണ്. സന്മാർഗ്ഗി, ദാനശീലൻ ,നീതിനിഷ്ഠൻ…. വിശേഷണങ്ങൾ ഏറെ. ഔദ്യോഗികയാത്രകൾ കേരളത്തിലുട നീളം വേണ്ടി വരും. എങ്കിലും, കോഴിക്കോടിനായിരിക്കും അധികവും. സഹദേവനാണ് Coffee Growers Association Director Board Secretary. ഓഫിസ് കോഴിക്കോടാണ്. വയനാടിൻ്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന കുഞ്ഞുമോൻ്റെ കാപ്പിത്തോട്ടങ്ങളുടെ കേന്ദ്ര ഓഫീസും കോഴിക്കോട്ടാണ്. സഹദേവൻ്റെ അഭ്യർത്ഥന മാനിച്ച് ഒരിക്കൽ കോഴിക്കോട് ബോർഡ് യോഗത്തിനെത്തി. സഹദേവൻ്റെ ഭാര്യ എന്ന നിലയിൽ പരിചയപ്പെട്ട സ്ത്രീയാണ് സുഷമ . സുഷമയുടെ മാദക സൗന്ദര്യത്തിൽ അടിതെറ്റിവീണ കുഞ്ഞുമോൻ്റെ കുടുംബത്തിലുണ്ടായ അസമാധാനമാണ് അവസ്ഥാന്തരമെന്ന നോവലിൻ്റെ പൊരുൾ. ജ്വലിക്കുന്ന സൗന്ദര്യമുള്ള അപ്സരകന്യകയുടെ മൂന്നിൽ വീണ്ടും വീണ്ടും പരാജിതനായ കുഞ്ഞുമോൻ മോളികുട്ടിയിൽ നിന്നും ഒളിക്കാൻ ശ്രമിച്ചു. മദ്യപാനവും യാത്രയിൽ സർവ്വസാധാരണമായി. നാട്ടിലും വീട്ടിലും കുഞ്ഞുമോൻ്റെ വികൃതികൾ പരസ്യമായി. മോളമ്മയിലും സംശയം ഉയർന്നു.ഫലമോ, കുടുംബ ജീവിതം തകർച്ചയോളം എത്തി. ഈ സന്നിഗ്ധ ഘട്ടത്തിൽ ആശ്വാസം നൽകുന്നത് മോളിക്കുട്ടിയുടെ ഇളയ സഹോദരി ലിസിയും ഭർത്താവ് കുട്ടപ്പനുമാണ്. സംശയം മൂർദ്ദന്യാവസ്ഥയിലെത്തി നിൽക്കുന്ന ഒരുഘട്ടത്തിലാണ് സുഷമയുടെ മതിലകത്തേക്കുള്ള വരവ്. അതിഥിയെ വത്സമ്മ എന്ന് സംബോധന ചെയ്തുകൊണ്ട് സ്വീകരിച്ചു. ബന്ധം പറഞ്ഞ് അതിഥിയ പരിചയപ്പെടുത്താൻ കുഞ്ഞുമോൻ നടത്തിയ ശ്രമം വിഫലമായതോടെ മോളിക്കുട്ടി തകർന്നു പോയി. കേട്ടതെല്ലാം സത്യമാണെന്ന ചിന്ത രൂഢമൂലമായി. ജീവനുള്ള ശവമായി മാറി മോളിക്കുട്ടി ! ഈ സാഹചര്യത്തെ നേരിടാൻ കെൽപ്പില്ലാതെ കുഞ്ഞുമോൻ .കുഞ്ഞുമോൻ നേരെ പോയത് അനിയത്തി ലിസിയുടെ വീട്ടിൽ . മടങ്ങി വീട്ടിൽ എത്തി ലിസിയും കുട്ടപ്പനും മോളിക്കുട്ടിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. വിഷയം അത്രക്ക് വഷളായെങ്കിലും ,ചേട്ടനും ചേട്ടത്തിയും മനസ്സുവെച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു.അവിശ്വസനീയ മാറ്റമാണ് തുടർന്ന് കുഞ്ഞുമോനിൽ കണ്ടത്. ഒരു തരം സന്യാസജീവിതം ! കുർബ്ബാന, നൊയമ്പ്, ഉപവാസം എന്നിവ ജീവിതത്തിൻ്റെ ഭാഗമായി. മോളിക്കുട്ടി പുറമെ ശാന്തത പാലിച്ചു. ഉള്ളിൽ അഗ്നിപർവ്വതം പുകയുന്നു!ബന്ധുവായ തിരുമേനി മോളിക്കുട്ടിയെ ആശ്വസിപ്പിച്ചു.

“എല്ലാക്കാലവും ഒരുപോലെയല്ല മോളെ !വേനൽ കഴിഞ്ഞാൽ മഴ. മഴ കഴിഞ്ഞാൽ മഞ്ഞ്. ദൈവ ചൈതന്യം പ്രകടമാകുന്നത് ഈ അവസ്ഥാ വ്യത്യാസങ്ങളിലൂടെയാണ്. വേനൽ വേണ്ടാ മഞ്ഞ് മാത്രം മതി എന്നു പറഞ്ഞാൽ നടക്കുമോ? അങ്ങനെ മനുഷ്യൻ വിചാരിക്കുന്നതൊക്കെ നടന്നാൽ പിന്നെ ദൈവമെന്തിന്? കാല മാറ്റത്തിൽ വന്ന ജലദോഷപ്പനി ” കുഞ്ഞുമോൻ ബിസിനസ്സ് കാര്യങ്ങളിൽ വ്യാപൃതനായി. മോളിക്കുട്ടിയും പഴയ അവസ്ഥയിലാകാൻ ശ്രമിക്കുന്നുണ്ട്. പഴയതെല്ലാം ഒരു കടങ്കഥ പോലെ !അങ്ങനെയിരിക്കെ കുഞ്ഞുമോന് Coffee Growers Association President എന്ന നിലക്ക് ഒരുയോഗം ചേരേണ്ടി വന്നു. സെക്രട്ടറി സഹദേവൻ കടുത്ത വിശ്വാസ വഞ്ചകനാണെന്ന ബോധ്യം വന്നിരുന്നു. രാവിലെ കൂടേണ്ട യോഗത്തിന് കുഞ്ഞുമോൻ തലേന്നുതന്നെ പുറപ്പെട്ടു. ഇതറിഞ്ഞ സുഷമ രാത്രയിൽ തന്നെ ഹോട്ടലിലെത്തി. കുഞ്ഞുമോൻ കാണാൻ കൂട്ടാക്കിയില്ല. അവൾ ഭീക്ഷണിയുടെ സ്വരം മുഴക്കി.വിവരങ്ങൾ തൽക്ഷണം ബന്ധുക്കളായ കറിയാച്ചനും ജോയിയും അറിഞ്ഞു.മോളിക്കുട്ടിക്ക് കൈയ്യ് മാറി. അവർ പതറിയില്ല. അനിയത്തി ലിസിയെ വിവരം അറിയിച്ചു.എത്രയുംവേഗം വീട്ടിൽ എത്തണം.മൂവരും കോഴിക്കോടിന് യാത്രയായി.ഹോട്ടലിൽഇരുവരെയും കണ്ടു. സുഷമയുടെ വലയിൽ വീണ കുഞ്ഞുമോൻ്റെ രക്ഷക്ക് ഹോട്ടൽ മാനേജർ എത്തി. കുഞ്ഞുമോനെ ബ്ലാക്ക്മെയിൽ ചെയ്തതാണെന്ന് സാക്ഷ്യപ്പെടുത്തി. എങ്കിലും കുഞ്ഞുമോൻ ദുർബ്ബലനായിരുന്നു.കണ്ണകൾ നിറഞ്ഞൊഴുകി.മോളിക്കുട്ടി പറഞ്ഞു നമുക്ക് വീട്ടിൽ പോകാം. ദുരഭിമാനം മഞ്ഞുകട്ട പോലെ ഉരുകി പോയി ! പാറപ്പുറത്തിൻ്റെ ഈ നോവലിലും രണ്ടു പ്രധാനാംശങ്ങൾ ഉണ്ടാവാം. സങ്കല്പവും യാഥാർത്ഥ്യവും.

ജീവിതഗന്ധിയായ നിരവധി നോവലുകൾ പാറപ്പുറത്തിൻ്റെ തൂലികയിൽ പിറന്നുവീണു. ഈ നോവലാകട്ടെ ഒരു സിനിമ കാണുന്ന പ്രതീതിയാണ് ഞാൻ അനുഭവിച്ചത് !