കുവൈത്ത് സിറ്റി: 48 മണിക്കൂറിനുള്ളിൽ 300ഓളം ഗാർഹിക തൊഴിലാളികൾ സ്വകാര്യ മേഖലയിലേക്ക് മാറിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഞായറാഴ്ചയാണ് ഗാർഹിക തൊഴിലാളികൾക്ക് അവരുടെ റസിഡൻസി സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അനുവദിച്ചുകൊണ്ടുള്ള തീരുമാനം നടപ്പാക്കിയത്. രണ്ട് മാസത്തേക്കാണ് ഇതിനായുള്ള അപേക്ഷക സ്വീകരിക്കുന്നത്. ഇതിൽ നിന്ന് പ്രയോജനം നേടാൻ ഗാർഹിക തൊഴിലാളികൾക്കിടയിൽ ഉയർന്ന ഡിമാൻഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് നിയമനം നടത്തുന്നതിനുപകരം ഇതിനകം രാജ്യത്തിനകത്തുള്ള തൊഴിലാളികളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി സ്വകാര്യ കമ്പനികളിലെ മാനുഷിക ക്ഷാമം ശക്തിപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൂടാതെ ഗാര്‍ഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ അനുവദിക്കാനുള്ള തീരുമാനം സ്വകാര്യ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, കുവൈറ്റിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോര്‍ മാൻപവര്‍ കുവൈറ്റ് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സുമായി സഹകരിച്ച് ദേശീയ പദ്ധതിയായ ‘ടുഗെദർ 4’ ആരംഭിച്ചു. കുവൈറ്റിലെ എല്ലാ പ്രവാസി തൊഴിലാളികളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും അവലോകനം ചെയ്യാനാണ് അതോറിറ്റി ശ്രമിക്കുന്നതെന്ന് അതോറിറ്റിയിലെ ലേബര്‍ പ്രൊട്ടക്ഷൻ സെക്ടര്‍ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ഫഹദ് അല്‍ മുറാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. റിക്രൂട്മെന്‍റ് ഘട്ടം മുതൽ തൊഴിലാളികൾ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നത് വരെയുള്ള തൊഴിൽ നടപടികളുടെ എല്ലാ വശങ്ങളും വിലയിരുത്താനും അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.