കോവിഡ് 19: രോഗബാധിതരുടെ എണ്ണം ഉയരുന്നു; കേരളത്തിൽ ലോക് ഡൗണ്‍

0
17

തിരുവനന്തപുരം: കോവിഡ് 19 ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്ന സാഹചചര്യത്തിൽ കേരളം ലോക്ഡൗണിലേക്കേ്. ഇന്ന് 28 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 91 ആയി. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ 25 പേരും ദുബായില്‍നിന്ന് എത്തിയവരാണ്.

അസാധാരണ സാഹചര്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന എന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. നിലവിൽ മാർച്ച് 31 വരെയാണ് ലോക് ഡൗൺ. അതിനു ശേഷം സാഹചര്യം അനുസരിച്ച് തുടർനടപടികളുണ്ടാകും.

ലോക് ഡൗണിന്റെ ഭാഗമായി സംസ്ഥാന അതിർത്തികള്‍ അടയ്ക്കും. പൊതുഗതാഗത സംവിധാനം നിര്‍ത്തലാക്കും. എന്നാൽ മരുന്നുകൾ അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഓടില്ല. സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക് ബാധകമല്ല. പെട്രോൾ,എല്‍പിജി വിതരണം ഉണ്ടാകും. ആശുപത്രികളും പൂർണ്ണതോതിൽ പ്രവർത്തിക്കും. റെസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി സംവിധാനത്തിന് തടസ്സമുണ്ടാകില്ല.

കഴിവതും വീടിനുള്ളിൽ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപെട്ടാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.