കുവൈത്ത് സിറ്റി : കുവൈത്തിനു പുറത്ത് വിദേശരാജ്യങ്ങളിൽ ആറു മാസത്തിൽ കൂടുതൽ കഴിയുന്നവരുടെ താമസരേഖ സ്വമേധയാ റദ്ദാകുമെന്ന നിയമം സെപ്തംബർ മാസത്തോടെ പുനസ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. സമയപരിധി വ്യക്തമാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉടൻ ഒരു ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു, പ്രവാസികളുടെ മടങ്ങിവരവിന് തടസ്സമില്ലെന്ന് പറഞ്ഞ് മതിയായ സമയം നൽകുന്നതിനാൽ ഇത് ഉചിതമാണെന്ന് വൃത്തങ്ങൾ പറഞ്ഞു. ജൂണിൽ അവധി ആരംഭിച്ചു സെപ്റ്റംബറിൽ പഠനം പുനരാരംഭിക്കുന്നതിനാൽ പ്രവാസികളായ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും സ്വദേശികളിൽ പോയി കുടുംബങ്ങളെ സന്ദർശിച്ച് മടങ്ങിവരുന്ന അതിനു സമയം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.രാജ്യത്തിന് പുറത്തുള്ള പൗരനോ താമസക്കാരനോ അവരുടെ സ്പോൺസർഷിപ്പിലുള്ളവരുടെ റസിഡൻസ് പെർമിറ്റ് പുതുക്കാൻ അവകാശമുണ്ട് .
നേരത്തെ കോവിഡ് പശ്ചാത്തലത്തിൽ നിശ്ചിത കാലപരിധിയിൽ അധികം രാജ്യത്തിനു പുറത്ത് കഴിയുന്നവരുടെ താമസരേഖ സ്വമേധയാ റദ്ധാകുന്ന നിയമം നിർത്തി വെച്ചിരുന്നു.അതേസമയം കഴിഞ്ഞ വർഷം ഡിസംബർ 1 മുതൽ ഈ നിയമം ഗാർഹിക തൊഴിലാളികൾക്ക് വീണ്ടും ബാധകമാക്കിയിരുന്നു. കുടുംബ വിസയിലുള്ളവർ, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, സ്വന്തം സ്പോൻസർഷിപ്പിലുള്ളവർ എന്നീ വിഭാഗങ്ങൾക്കാണു നിയമം ബാധമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം ആലോചിക്കുന്നത്. രാജ്യത്തെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിന് അനുസരിച്ചാണ് നിയമം പുന സ്ഥാപിക്കുന്നത് പരിഗണിക്കുന്നത്.