60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്കും സ്വകാര്യ മേഖലയിലേക്ക് മാറാം

0
36

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികൾക്ക് പുതിയ അവസരങ്ങളുമായി കുവൈത്ത് ഭരണകൂടം. പ്രവാസികളായ തൊഴിലാളികൾക്ക് സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറാൻ പ്രാപ്തമാക്കുന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. കുവൈറ്റിലെ ലേബർ മൊബിലിറ്റി ചട്ടങ്ങളിൽ കാര്യമായ മാറ്റം വരുത്തിക്കൊണ്ടാണ് ഈ തീരുമാനം. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദേശ പ്രകാരമാണിത്. മുമ്പ് സർക്കാർ മേഖലയിലെ തൊഴിലാളികൾ യൂണിവേഴ്സിറ്റി ബിരുദം നേടിയിട്ടില്ലെങ്കിൽ സ്വകാര്യ മേഖലയിലേക്ക് മാറുന്നത് നിയന്ത്രിച്ചിരുന്നു. വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെ എല്ലാ സർക്കാർ മേഖലയിലെ ജീവനക്കാർക്കും സ്വകാര്യ മേഖലയിലേക്ക് മാറാൻ അനുമതി നൽകുന്നു എന്നതാണ് പുതിയ നിയന്ത്രണത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന്. കൂടാതെ, തീരുമാനം പ്രായ നിയന്ത്രണവും എടുത്തുകളഞ്ഞു. 60 വയസ്സിനു മുകളിലുള്ള പ്രവാസി തൊഴിലാളികൾക്കും സ്വകാര്യ മേഖലയിലേക്ക് മാറാം. പ്രായപരിധിയിലോ വിദ്യാഭ്യാസ യോഗ്യതയിലോ നിയന്ത്രണങ്ങളില്ലാതെ പ്രവാസി തൊഴിലാളികളെ സർക്കാരിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അനുവദിക്കുന്നതിലൂടെ, സാമ്പത്തിക വൈവിധ്യവൽക്കരണവും കൂടുതൽ സന്തുലിതമായ തൊഴിൽ ശക്തിയും പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.