കുവൈത്തിൽ ലോക്ക് ഡൗൺ കാലത്ത് എയർ ലിഫ്റ്റ് വഴി നാട്ടിൽ ചികിൽസക്ക് കൊണ്ട് പോയ മലയാളി പെൺ കുട്ടി സാധിക മരണത്തിനു കീഴടങ്ങി. പാലക്കാട് വടക്കാഞ്ചേരി സ്വദേശിനിയായ സാധിക രതീഷ് കുമാറാണു ഇന്നലെ രാത്രിയോടെ ചികിത്സയിൽ കഴിയവേ മരണമടഞ്ഞത്. ചെവിക്ക് കാൻസർ ബാധിച്ചു കുവൈത്ത് കേൻസർ സെന്ററിൽ ചികിൽസയിലായിരുന്ന പെൺകുട്ടിയെ അടിയന്തിര ശസ്ത്രക്രിയ ആവശ്യമായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 25 നാണു ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ നാട്ടിൽ എത്തിച്ചത്. കുവൈത്തിൽ തുടർ ചികിൽസക്ക് സൗകര്യമില്ലാത്തതിനാൽ എത്രയും പെട്ടെന്ന് മറ്റു മാർഗ്ഗങ്ങൾ തേടണമെന്നു ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണു രക്ഷാ ദൗത്യം ആവശ്യമായി വന്നത്.. ഇതേ തുടർന്ന് നിസ്സഹായാവസ്ഥയിലായ പെൺകുട്ടിയുടെ രക്ഷിതാക്കൾ സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. ഇതേ തുടർന്ന് ഇവർ ഇന്ത്യൻ എംബസിയിലും വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ടതോടെയാണു കുട്ടിയുടെ വിദഗ്ദ ചികിൽസക്ക് വഴിയൊരുങ്ങിയത്.കൊറോണ വൈറസ് ചികിൽസയിൽ കുവൈത്തിനെ സഹായിക്കാൻ കുവൈത്തിൽ എത്തിയ ഇന്ത്യൻ വ്യോമ സേനയുടെ പ്രത്യേക വിമാനം വഴിയാണു പെൺകുട്ടിയെ നാട്ടിൽ എത്തിച്ചത്.. ഈ വിമാനത്തിൽ സാധികക്കും പിതാവ് രതീഷ് കുമാറിനും യാത്രാ സൗകര്യം ഒരുക്കിയാണ് ഇവരെ നാട്ടിലെത്തിച്ചത്. കുവൈത്തിൽ നിന്നും തിരിച്ചു പോകുന്ന ഇന്ത്യൻ മെഡിക്കൽ സംഘത്തിന്റെ വൈദ്യ സഹായവും പെൺകുട്ടിക്കായി വിമാനത്തിൽ ഒരുക്കിയിരുന്നു. കൊറോണ പ്രതിസന്ധിയെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രാ വിമാന സർവീസുകൾ നിർത്തി വച്ചിരിക്കുകയായിരുന്നു അന്ന്.. ഇതിനിടയിൽ ഗൾഫിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ രക്ഷാ പ്രവർത്തനം നടന്ന സംഭവം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. സാധികക്ക് എയിംസിൽ ആയിരുന്നു വിദഗ്ധ ചികിത്സ ഒരുക്കിയത്.പിന്നീട് പെൺകുട്ടിയെ തിരുവനന്ത പുരം കേൻസർ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണു ഇന്നലെ രാത്രി അന്ത്യം സംഭവിച്ചത്.
-ismail payyoli –
Home Middle East Kuwait കുവൈത്തിൽ ലോക്ക് ഡൗൺ കാലത്ത് എയർ ലിഫ്റ്റ് വഴി നാട്ടിൽ ചികിൽസക്ക് കൊണ്ട് പോയ മലയാളി...