ഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു . കോവിഡ് പശ്ചാത്തലത്തിൽ രാവിലെ 9.30നാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. കർഷകർ പ്രതിഷേധ സൂചകമായി ട്രാക്ടര്‍ പരേഡ് നടത്തുന്നത് കൂടി പരിഗണിച്ച് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികൾ.
രാവിലെ 9:35ന് വാർ മെമ്മോറിയലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിക്കും. രാജ്പഥിലെ വേദിയിൽ രാഷ്ട്രപതി പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും .
സൈനിക കരുത്ത് പ്രകടനമാക്കുന്ന സേനാ വിഭാഗങ്ങളുടെ പരേഡ്, കലാ സാംസ്കാരിക പരിപാടികൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയാണ് പരേഡിന്‍റെ മുഖ്യ ആകർഷണം. പ്രത്യേക സാഹചര്യം പരിഗണിച്ച് പരേഡിന്‍റെ ദൂരവും സമയവും കുറച്ചിട്ടുണ്ട്. സാധാരണ 8.2 കിലോമീറ്റർ ഉണ്ടാകുന്ന പരേഡ് ഇത്തവണ 3.3 കിലോമീറ്റർ മാത്രം താണ്ടി ഇന്ത്യ ഗേറ്റിൽ അവസാനിക്കും.
കാർഷിക പരിഷ്‌കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന ട്രാക്ടർ പരേഡ് ഉച്ചക്ക് 12 മണിക്കാണ് ആരംഭിക്കുക.
സ്ത്രീകൾ അടക്കം 4 ലക്ഷത്തിൽ അധികം കർഷകർ ഒരു ലക്ഷം ട്രാക്ടറുകളിലായി പരേഡ് നടത്തും. സിങ്കു, തിക്രി, ഗാസിപുർ എന്നിവടങ്ങളിൽ നിന്നാണ് പരേഡ് ആരംഭിക്കുക. നിലവിൽ നൽകിയിരിക്കുന്ന റൂട്ട് മാപ്പ് അനുസരിച്ച് റാലി തീരാൻ 48 മണിക്കൂർ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
പുറത്ത് നിന്ന് ആളുകൾ നുഴഞ്ഞു കയറിയെന്ന സംശയമുള്ളതിനാൽ കടുത്ത നിയന്ത്രണത്തിലായിരിക്കും റാലി നടക്കുക.
അതേ സമയം ഫെബ്രുവരി ഒന്നിന് പാർലമെന്റ് ഉപരോധം നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ അറിയിച്ചു