കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ യാത്രാനിയന്ത്രണം മൂലം വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളിൽ 935 പേരുടെ റെസിഡൻസി പെർമിറ്റുകൾ 10 ദിവസത്തിനുള്ളിൽ റദ്ദാക്കിയതായി മാനവവിഭവശേഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
സ്പോൺസർമാരോ കമ്പനികളോ അവരുടെ വർക്ക് പെർമിറ്റ് പുതുക്കാത്തതിനെ തുടർന്നാണിത്. പുറത്തുള്ളവർക്ക് വർക്ക് പെർമിറ്റും റെസിഡൻസി പെർമിറ്റും പുതുക്കുന്നതിന് വേണ്ടി ഓൺലൈൻ സംവിധാനം സജ്ജമാക്കിയിരുന്നു. എന്നിട്ടും പെർമിറ്റ് പുതുക്കാതിരുന്നവർക്കാണ്നഷ്ടമുണ്ടായത്.അതേസമയം 30,000 തൊഴിലാളികൾ വർക്ക് പെർമിറ്റ് പുതുക്കിയിട്ടുണ്ട്.
പുതിയ അസ്ഹൽ സംവിധാനം നടപ്പിലാക്കിയ ശേഷം ഇത് വരെ 2716 പേർക്ക് റസിഡൻസി പെർമിറ്റ് നഷ്ടമായി. 197 പേർ മരിച്ചതിനെ തുടർന്നും 1584 പേർ രാജ്യം വിടാൻ താൽപ്പര്യപ്പെട്ടതിനെ തുടർന്നുമാണ് റെസിഡൻസി പെർമിറ്റ് റദ്ദായത്. ജനുവരി 12 മുതലാണ് അസ്ഹൽ സംവിധാനം രാജ്യത്ത് നടപ്പിലാക്കിയത്.