ഫെബ്രുവരി ഒന്ന് മുതൽ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം

0
22

ഡൽഹി : സിനിമാ തീയേറ്ററുകളിലെ കോവിഡ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി കേന്ദ്രസർക്കാർ. ഫെബ്രുവരി ഒന്ന് മുതൽ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. നേരത്തെ തിയേറ്ററുകളിൽ 50% സീറ്റുകളിൽ മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.പുതിയ നിര്‍ദ്ദേശ പ്രകാരം കണ്ടെയിന്‍മെന്‍റ് സോണുകളില്‍ സിനിമാ പ്രദര്‍ശനം അനുവദിക്കില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാർശപ്രകാരമാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവാമെന്നും നിർദ്ദേശിച്ചിട്ടുണ്ട് . തിയറ്ററുകളിലെ പ്രദര്‍ശന സമയങ്ങളിലും ടിക്കറ്റ് ബുക്കിംഗ് രീതികളിലും മാറ്റമുണ്ടാകില്ല. മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്നും എന്നും മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു. മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം എന്നും ഇതിലുണ്ട്.

കോവിഡിനെ തുടര്‍ന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് തുടര്‍ന്ന് 10,000ന് മുകളില്‍ തിയറ്ററുകളാണ് രാജ്യത്ത് അടച്ചിടേണ്ടി വന്നത്. അണ്‍ലോക്ക് 5.0യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതലാണ് സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.