കുവൈത്ത് സിറ്റി: കോർപ്പറേറ്റുകൾ എഴുതിനൽകുന്നത് അതേപടി വായിക്കുന്നതിന് തുല്യമാവുകയാണ് കേന്ദ്ര സർക്കാരിന്റെ ഓരോ ബജറ്റുകളെന്നും പുതിയ ബജറ്റും രാജ്യത്ത് സാധാരണക്കാരനും അതിസമ്പന്നരുമെന്ന തരത്തിൽ സാമ്പത്തിക അസമത്വം വീണ്ടും വർധിപ്പിക്കുന്നതുമാണെന്നും ഐഎംസിസി ജിസിസി കമ്മറ്റി വിലയിരുത്തി. പ്രധാന വരുമാന മാർഗ്ഗമായി കേന്ദ്രം കാണുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടേയും അവയുടെ ഭൂസ്വത്തുക്കളുടെയും ദേശീയ പൈതൃക സ്വത്തുക്കളുടെയും വിൽപ്പനയാണെന്നത് അത്യന്തം ലജ്‌ജാകരമാണ്. സാമ്പത്തിക പ്രതിസന്ധിയുടെയും കോവിഡ് മഹാമാരിയുടെയും സമയത്ത് ആശ്വാസമേകേണ്ടതിന് പകരം സാധാരണക്കാരും കർഷകരും ഉൾപ്പടെയുള്ള മഹാഭൂരിപക്ഷം ജനങ്ങളെയും പരിഗണിക്കാതെ, അതിസമ്പന്നരായ കോപ്പറേറ്റുകൾക്ക് ജനതയെ ഒറ്റിക്കൊടുക്കുന്ന തരത്തിലുള്ളതാണ് ഈ ബജറ്റ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ടാക്സ് വർദ്ധനവിലൂടെ പൊതുജനത്തിന് മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കുമ്പോൾതന്നെ, കോർപറേറ്റ്, ഇൻകം ടാക്സുകളിലൂടെയുള്ള വരുമാനം മുൻവർഷത്തിനേക്കാൾ 16 ശതമാനം കുറവാണെന്നത് കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് സൂചിപ്പിക്കുന്നത്. പ്രാവാസികളെ സംബന്ധിച്ച് യാതൊരുവിധ നിലപാടോ പദ്ധതികളോ ഇല്ലാത്തതും തീർത്തും നിരാശാജനകമാണെന്നും ഐഎംസിസി ജിസിസി കമ്മറ്റി ചെയർമാൻ സത്താർ കുന്നിൽ, ജനറൽ കൺവീനർ ഖാൻ പാറയിൽ, ട്രഷറർ ഷാഹുൽ ഹമീദ് മംഗലാപുരം എന്നിവർ പറഞ്ഞു.