ഹൂതി ആക്രമണത്തിൽ സൗദിയിൽ വിമാനത്തിന് തീപിടിച്ചു

0
22

റിയാദ്: സൗദിയിലെ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം. അബഹ വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വിമാനത്തിന് തീ പിടിച്ചു. കൃത്യസമയത്ത് തീയണച്ചത് മൂലം വൻദുരന്തം ഒഴിവായി. യമനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് അബഹ വിമാനത്താവളം. സ്ഫോടക വസ്തുക്കൾ നിറച്ച നാലു ഡ്രോണുകളാണ് ഇവിടേയ്ക്ക് വന്നത്. ഇവയിലൊന്ന് ഫ്ലൈ അദീൽ വിമാനത്തിന് പഠിക്കുകയും തുടർന്ന് തീ പിടുത്തം ഉണ്ടാവുകയും ആയിരുന്നു. സുരക്ഷാ വിഭാഗം ഇടപെട്ട് ഉടൻ തീയണച്ചു. ബോർഡിങിനായി കാത്തിരുന്ന വിമാനത്തിൽ ആളില്ലാതിരുന്നത് വൻ ദുരന്തമൊഴിവാക്കി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഹൂതികൾ ഏറ്റെടുത്തു. ഈ ആക്രമണം സൗദി പിന്തുണയോടെ യമനിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണിതെന്ന് ഹൂതികൾ അവകാശപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സൗദിയിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്ന ഹൂതികൾക്കും അവരെ പിന്തുണക്കുന്ന ഇറാനുമെതിരെ സൗദി കടുത്ത വിമർശനം ഉന്നയിച്ചു.

2019 ജൂണിൽ ഇതേ വിമാനത്താവളത്തിലേക്ക് നടന്ന ഹൂതി ആക്രമണത്തിൽ ഒരാൾ മരിക്കുകയും മലയാളികളടക്കം ഇരുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.