ഹംസ ഹാജി… മരുഭൂമിയിലെ എന്റെ മരുപ്പച്ച..

0
18

യഹ്‌യ തളങ്കര

തൊള്ളായിരത്ത് എമ്പത്തിയേഴിൽ ഗൾഫിൽ കാൽ വെച്ചത് മുതൽ എനിക്ക് ഒരു വഴി വിളക്ക് പോലെയായിരുന്നു ഹംസച്ച.. അബ്റക്കരുകിൽ 608 നമ്പർ മുറിയിൽ ദുബായിലെ എന്റെ ജീവിതത്തിന്റെ ആദ്യ താമസം ആരംഭിച്ചത് മുതൽ എന്റെ ഓരോ വളർച്ചയിലും ഈ വഴി വിളക്ക്എനിക്ക് നേർദിശ നൽകി കൊണ്ടേ ഇരുന്നു..

കമ്പനി വളരെ ചെറിയ രൂപത്തിൽ തുടങ്ങിയത് മുതൽ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ വളർച്ച പ്രാപിക്കുന്നത് വരെയും എനിക്ക് ഉപദേശനിർദേശങ്ങൾ യഥാ സമയം തന്ന് കൊണ്ടേ ഇരുന്നിരുന്നു . കോവിഡ് വൈറസ് പിടിച്ചു വലിച്ച് കൊണ്ട് പോയ പല പ്രമുഖരുടെ കൂടെ ഹസച്ചയും പെടുമെന്ന് കരുതിയിരുന്നില്ല..
അല്ലാഹുവിന്റെ അലംഘനീയമായ വിധിക്കു മുമ്പിൽ പല കുടുംബത്തിന്റെയും പ്രധാന നായകർ വേർപിരിഞ്ഞ ദുഃഖകരമായ അവസ്ഥ നാം നിത്യവും വായിക്കാറുണ്ട്..
പക്ഷെ അത് നമ്മുടെ കുടുംബത്തിലും സംഭവിക്കുമെന്ന് നിനച്ചിരുന്നില്ല..

എന്നും പുഞ്ചിരിയും തമാശയും വെടിപ്പുള്ള വസ്ത്രവും ധരിച്ച് നടന്നിരുന്ന ഹസച്ച നർമത്തിൽ ചാലിച്ച വാക്കുകൾ കൊണ്ട് ആദ്യമായി കാണുന്നവരെ പോലും കയ്യിലെടുക്കും..
സത്യത്തിന്നെതിരെ നീങ്ങുന്നവരോട് സംസാരിച്ച് തിന്മയുടെ പാതയിൽ നിന്നും വെടിയാൻ സദാ ഉപദേശിക്കാറുണ്ട്. ദീനിന്റെ കാര്യത്തിൽ നല്ല കണിശത ഉണ്ടായിരുന്നു..

കലാ കായിക രംഗങ്ങളിൽ ഒരു പ്രതിഭാശാലിയായിരുന്നു ഹസച്ച.. നല്ല ഒരു ക്രിക്കറ്റ് പ്ലെയരായിരുന്നു..
പത്തു വർഷം മുമ്പ് വരെ എല്ലാ വെള്ളിയാഴ്‌ചയും രാവിലെ ക്രിക്കറ്റ് കളിക്കാൻ പോകുമ്പോൾ എന്നെയും കൂടെ കൂട്ടുമായിരുന്നു.

അജ്മാനിൽ കമ്പനിക്ക് വേണ്ടി സ്ഥലങ്ങൾ നോക്കി നടക്കാൻ എനിക്ക് നല്ല ഒരു കൂട്ടായി എന്നും കൂടെ ഉണ്ടായിരുന്നു.. പറയത്തക്ക രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.. നല്ല ഹെൽത്തിയായിരുന്നു..
ഈ മഹാ മാരി മരുഭൂമിയിലെ എന്റെ ഈ മരുപ്പച്ചയെ ഇത്രയും പെട്ടെന്ന് കൊണ്ട് പോകുമെന്ന് കരുതിയിരുന്നില്ല…
കമ്പനിയുടെ PRO ആയിട്ടാണ് വർക്ക് ചെയ്യുന്നതെങ്കിലും എനിക്ക് നല്ല കൂട്ട് ആയിരുന്നു.. പല നിർണായക തീര്മാനമെടുക്കുമ്പോഴും ഈ വിളക്കിന്റെ വെളിച്ചം ഒരനുഗ്രഹമായിരുന്നു. വയസ്സ് 65 കഴിഞ്ഞാൽ വിസ അടിക്കാൻ പറ്റാതെ വരുമോ എന്ന സന്ദേഹം എന്നെ അറിയിച്ചപ്പോൾ പാർട്ണർ വിസ നൽകി ഞാൻ ആ പ്രശനം പരിഹരിച്ചു കൊടുത്തിരുന്നു..

ഇപ്രാവശ്യം നാട്ടിൽ നിന്നും തിരിക്കുമ്പോൾ എന്നെ വിളിച്ചു കമ്പനിയുടെ കാര്യങ്ങൾ തിരക്കിയിരുന്നു..കമ്പനിയുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്ക് വന്നാൽ അവിടെ ജോലി കിട്ടുമോ എന്ന് ആരാഞ്ഞിരുന്നു.. പക്ഷേ എന്റെ മറുപടി അറം പറ്റിപ്പോയോ എന്ന് ഭയപ്പെടുന്നു.. ഞാൻ പറഞ്ഞിരുന്നു കമ്പനിയുള്ളടത്തോളം കാലം നിങ്ങളുടെ ആയുസ്സുള്ളടത്തോളം കാലം നിങ്ങൾക്ക് കമ്പനിയിൽ എന്നും സ്വാഗതമെന്ന് ..75 ആം വയസ്സിലും കമ്പനിയുടെ സ്റ്റാഫായിട്ട് തന്നെ അദ്ദേഹം അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി നമ്മെ വിട്ട് പിരിഞ്ഞു..

പള്ളി മദ്രസ നടത്തിപ്പിന്റെ കാര്യത്തിൽ കമ്മിറ്റികൾ ഉണ്ടാക്കിയും സ്വന്തമായി പിരിവ് നടത്തിയും ഒരു പാട് സഹായങ്ങൾക്ക് സപ്പോർട് ചെയ്തിരുന്നു.. വലുപ്പ ചെറുപ്പമില്ലാതെ കുട്ടികളോട് പോലും ഇടപെടുന്ന കാര്യത്തിൽ ഹംസച്ചാനെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു..

കർമങ്ങൾ കൊണ്ട് സ്വർഗം നേടുന്നവരുടെ കൂട്ടത്തിൽ ഹംസച്ച ഉണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം . ഇന്നോ നാളെയോ നമ്മളും മടങ്ങി പോകേണ്ടവരാണ്. റബ്ബ് അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തുകയും പരേതന്ന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്…

യഹ്‌യ തളങ്ക…