കുവൈത്ത് സിറ്റി : വാക്സിനുകൾ ക്രമാനുഗതമായി എത്തിച്ചേർന്നാൽ 4 നാല് നിശ്ചിത ഘട്ടങ്ങളിലൂടെ എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകി സാമൂഹിക പ്രതിരോധശേഷി കൈവരിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
മുൻ നിശ്ചയിച്ച പ്രകാരം പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഘട്ടത്തിൽ മുൻനിര പോരാളികൾ മറ്റ് ആരോഗ്യ പ്രവർത്തകർ സ്ഥിര രോഗികൾ 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് കുത്തിവെപ്പ് നൽകിയത്.
രണ്ടാം ഘട്ടത്തിൽ അധ്യാപകർ, ശിശു പരിപാലന തൊഴിലാളികൾ, 50 മുതൽ 64 വയസ്സുവരെയുള്ളവർ എന്നിവർക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകുക
മൂന്നാം ഘട്ടത്തിൽ 30 മുതൽ 49 വയസ്സുവരെയുള്ളവർക്കാണ് പരിഗണന.
സമൂഹത്തിലെ പ്രത്യേക തൊഴിൽ മേഖലയിൽ ഉള്ളവരും ഉൾപ്പെടുന്നു. നാലാമത്തെ ഘട്ടം ഗർഭിണികൾക്കും 16 വയസ്സിന് താഴെയുള്ളവർക്കും ഉൾപ്പടെ ശേഷിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ആയിരിക്കും.
കൊറോണ വാക്സിനേഷൻ രജിസ്ട്രേഷനു വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന ഇലക്ട്രോണിക് ലിങ്കിൽ ദൈനംദിന രജിസ്ട്രേഷൻ വർദ്ധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ഇത് ആരോഗ്യപരമായ ആവശ്യകതകൾ പാലിക്കുന്നതിനൊപ്പം വാക്സിനുകൾ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ ഉണ്ടായ അവബോധം പ്രതിഫലിപ്പിക്കുന്നതായും അവർ വ്യക്തമാക്കി