കുവൈത്ത് സിറ്റി: ലഹരിമരുന്ന് ഉപയോഗം, സ്ത്രീകൾക്കെതിരായ അതിക്രമം, സമൂഹ അക്രമം എന്നിവയെ പ്രതിരോധിക്കുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനുമായി എല്ലാ സർക്കാർ ഏജൻസികളിൽ നിന്നുമുള്ള അംഗങ്ങളെ ഉൾപ്പെടുത്തി ഒരു സംയുക്ത സമിതി രൂപീകരിക്കരിക്കാൻ നിർദേശം. മേൽപ്പറഞ്ഞ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായുള്ള സമിതിയാണ് ഇത് സംബന്ധിച്ച് മന്ത്രിസഭക്ക് നിർദേശങ്ങൾ സമർപ്പിച്ചത്. ഇതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനായി നെഗറ്റീവ് പ്രതിഭാസ സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
അത്തരം പ്രതിഭാസത്തിന്റെ കാരണങ്ങൾ, പ്രത്യാഘാതങ്ങൾ, ഉദ്ദേശ്യങ്ങൾ, ഇവ എങ്ങനെ പരിഗണിക്കണം എന്നിവ പഠിക്കാൻ പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളെയും സ്പെഷ്യലിസ്റ്റുകളെയും വിളിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
ആഭ്യന്തര, സാമൂഹികകാര്യ, ആരോഗ്യം, അവ്കാഫ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് എന്നീ മന്ത്രാലയങ്ങളുടെ സാന്നിധ്യത്തിലാണ് വിഷയം ചർച്ച ചെയ്തതെന്ന് സമിതി തലവൻ എംപി ബദർ അൽ ദഹൂം പറഞ്ഞു.