പ്രവാസികള്‍ക്കേര്‍പ്പെടുത്തിയ പിസി‌ആര്‍ ടെസ്റ്റ്‌ സൗജന്യമാക്കിയ സംസ്ഥാന സർക്കാരിന് അഭിവാദ്യങ്ങൾ: കല കുവൈറ്റ്

0
24

കുവൈറ്റ് സിറ്റി: കേരളത്തിലെ എയർപോർട്ടുകളിൽ എത്തുന്ന പ്രവാസികൾക്കുള്ള പി.സി.ആർ ടെസ്റ്റ്‌ സൗജന്യമാക്കിയ സംസ്ഥാന സർക്കാരിന് അഭിവാദ്യങ്ങളർപ്പിച്ച്‌ കല കുവൈറ്റ്‌. ടെസ്റ്റുകൾ സൗജന്യമാക്കുന്നതിന് കേന്ദ്രത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്ത് കുമാറും, കല കുവൈറ്റും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

ക്വാറന്റൈൻ, കോവിഡ്‌ ചികിൽസ, ടെസ്റ്റ്‌ എന്നിവ പൂർണ്ണമായും സൗജന്യമാക്കിയ ഏക സംസ്ഥാനമാണ് കേരളം. സമാനതകളില്ലാത്ത പ്രതിസന്ധികൾക്കിടയിലും പ്രവാസികളെ ചേർത്ത്‌ പിടിച്ച ഇടതുപക്ഷ സർക്കാറിന്റെ പ്രവാസി സൗഹൃദ നിലപാടിന്റെ തുടർച്ചയാണ് പിസിആർ ടെസ്റ്റുകൾ പൂർണ്ണമായും സൗജന്യമാക്കിയ തീരുമാനം. ഇന്ത്യയിലേക്കെത്തുന്നവര്‍ സ്വന്തം ചിലവില്‍ നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര ഗവണ്‍‌മെന്റ് തീരുമാനം പ്രവാസികൾക്ക്‌ വലിയ തിരിച്ചടിയായിരുന്നു. ജോലി നഷ്ടപ്പെട്ടും, മാസങ്ങളായി വരുമാനമില്ലാതെയും, ചികിത്സക്കായും മറ്റും നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് മേലുള്ള ഇരട്ട പ്രഹരമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം.

പ്രവാസികൾക്ക്‌ യാതൊരു പരിഗണനയും നൽകാതെയും, അധികഭാരം അടിച്ചേൽപ്പിച്ചും കേന്ദ്ര സർക്കാർ മുഖം തിരിഞ്ഞ്‌ നിൽക്കുമ്പോൾ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടി പ്രശംസനീയമാണെന്നും, സർക്കാറിനും മുഖ്യമന്ത്രിയ്ക്കും, ആരോഗ്യമന്ത്രിയ്ക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി. കെ. നൗഷാദ് എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.