12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് എഴുത്തുപരീക്ഷ നടത്താൻ മന്ത്രിസഭ അനുമതി നൽകി; പരീക്ഷകൾ മെയ് 30 മുതൽ. സെപ്റ്റംബർ 19 മുതൽ സ്കൂളുകൾ പ്രവർത്തിച്ച് തുടങ്ങാനും ധാരണയായി

0
11

കുവൈത്ത് സിറ്റി: കുവൈത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പേപ്പർ അധിഷ്ഠിത എഴുത്തുപരീക്ഷ നടത്താൻ മന്ത്രിസഭായോഗം അനുമതി നൽകി. പരീക്ഷകൾ മെയ് 30 ന് ആരംഭിക്കാനാണ് ധാരണയായത്. സെപ്റ്റംബർ 19 മുതൽ ഘട്ടംഘട്ടമായി വിദ്യാർഥികളെ സ്കൂളുകളിലേക്ക് മടക്കി കൊണ്ടുവന്ന് ക്ലാസ്സുകളുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിൽ ആക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

പരീക്ഷകൾ നടത്തുന്നതും അതും സ്കൂളുകളുടെ പ്രവർത്തനം പൂർവസ്ഥിതിയിൽ ആക്കുന്നതും സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം സമർപ്പിച്ച പദ്ധതി മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

പന്ത്രണ്ടാം ക്ലാസുകളിലെ വിദ്യാർഥികൾക്ക്ഈ ഘട്ടത്തിൽ എഴുത്തുപരീക്ഷകൾ നടത്തേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് മന്ത്രിസഭ മുമ്പാകെ വിശദീകരിച്ചു.യൂണിവേഴ്സിറ്റി പ്രവേശനവുമായി ബന്ധപ്പെട്ട് പരീക്ഷ നടത്തേണ്ടതിൻ്റെ ആവശ്യകതയും വിവിധ സ്കൂൾ മാനേജ്മെൻറ്കൾ ഇതുസംബന്ധിച്ച ആവശ്യമുന്നയിച്ചതായും അദ്ദേഹം മന്ത്രിസഭ കൗൺസിലിന് മുൻപിൽ വ്യക്തമാക്കി. അനുമതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ ആരംഭിക്കും.

അതേസമയം കുവൈറ്റിലെ സ്കൂളുകളിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും പ്രഥമ പട്ടികയിൽ ഉൾപ്പെടുത്തി വാക്സിൻ നൽകാൻ ആരംഭിച്ചു . 50% ജീവനക്കാർ ഇതിനോടകംതന്നെ പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.