കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച സ്വദേശികൾക്ക് പുറമേ വിദേശികൾക്കും നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻ്റയിനിൽ കുവൈത്ത് ഇളവു നൽകും. മറ്റ് രാജ്യങ്ങളിൽ നിന്നും വാക്സിൻ സ്വീകരിച്ച പ്രവാസികൾക്ക് ഇളവ് നൽകാൻ ധാരണയായതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കുവൈത്ത് അംഗീകൃത വാക്സിനുകളായ ഫ്രൈസർ , അസ്ട്രസെനക്ക എന്നീ വാക്സിനുകൾ സ്വീകരിച്ച വർക്കാണ് ഇളവ് ലഭിക്കുക. വാക്സിൻ സ്വീകരിച്ചതിന് ശേഷവും കുവൈത്തിലേക്ക് എത്തുന്നവർ യാത്രയ്ക്ക് തൊട്ടുമുൻപായി നടത്തിയ പിസിആർ പരിശോധനാഫലം കൈയിൽ വയ്ക്കണം. തുടർന്ന് ഏഴുദിവസത്തെ ഹോം ക്വാറൻ്റയിൻ അനുഷ്ഠിക്കുകയും. അതിനുശേഷം വീണ്ടും പിസിആർ പരിശോധന നടത്തി കോവിഡ് ബാധിതർ അല്ല എന്ന് ഉറപ്പു വരുത്തുകയും വേണം.
വിദേശങ്ങളിൽ നിന്ന് കുവൈത്തിലേക്ക് വരുന്നവർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള മുസാഫർ ആപ്പിൽ വാക്സിനേഷൻ വിവരങ്ങൾ രേഖപ്പെടുത്തുന്നതായി പ്രത്യേക കോളം അനുവദിച്ചിട്ടുണ്ട്. ഇതുവഴി വാക്സിനേഷൻ വിശദാംശങ്ങൾ നൽകുന്ന യാത്രക്കാരെയാണ് നിർബന്ധിത ക്വാറൻ്റയിനിൽ നിന്നൊഴിവാക്കുക.