ഏപ്രിൽ 1 മുതൽ 45 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഇന്ത്യയിൽ വാക്സിൻ സ്വീകരിക്കാം.

0
17

ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം കൂടുതൽ പേരിലേയ്ക്ക് അതിവേഗം എത്തിക്കുന്നതിൻ്റെ ഭാഗമായി,രാജ്യത്ത് 45 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇത് വഴി ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിലേയ്ക്ക് വാക്സിൻ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മുതിർന്ന പൗരൻമാർക്കും 45 വയസ്സിന് മുകളിൽ ഗുരുതര രോഗം ബാധിച്ചവർക്കുമാണ് നിലവിൽ വാക്സിൻ നൽകുന്നത്.

വാക്സിൻ ലഭിക്കുന്നതിന് വേണ്ടി 45 വയസ്സ് കഴിഞ്ഞ എല്ലാവരും എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു. വാക്സിന്റെ രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള സമയപരിധി വർദ്ധിപ്പിച്ചു. നാല് ആഴ്ചയ്ക്കും എട്ടാഴ്ചയ്ക്കുമിടയിൽ രണ്ടാമത്തെ ഡോസ് എടുത്താൽ മതിയെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവി ഷീൽഡിനാകും പ്രധാനമായും ഈ ഇടവേള ബാധകം. കോവി ഷീൽഡിന്റെ പരീക്ഷണ ഫലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള വർദ്ധിപ്പിക്കാൻ വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ തീരുമാനിച്ചത്.