കോഴിമുട്ട ക്ഷാമം; വിദേശ രാജ്യങ്ങളിൽ നിന്ന് വൻതോതിൽ മുട്ട ഇറക്കുമതി ചെയ്യുന്നു, സഹകരണ സംഘങ്ങൾക്ക് നേരിട്ട് ഇറക്കുമതി ചെയ്യാം

0
19

കുവൈത്ത് സിറ്റി: രാജ്യത്തെ നേരിട്ടുകൊണ്ടിരിക്കുന്ന കോഴിമുട്ട ക്ഷാമം പരിഹരിക്കുന്നതിനായി ആവശ്യ നടപടികൾ കൈക്കൊണ്ടതായി സാമൂഹിക വികസന മന്ത്രാലയം. പ്രാദേശിക വിപണിയിലെ മുട്ട ക്ഷാമം പരിഹരിക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്ന് വലിയ അളവിൽ കോഴിമുട്ടകൾ ഇറക്കുമതി ചെയ്തതായി സഹകരണ മേഖല അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സേലം അൽ റാഷിദി പറഞ്ഞു.

റമദാൻ മാസ ആരംഭത്തോടെ രാജ്യത്ത് മുട്ടയുടെ ഡിമാൻഡ് വർദ്ധിച്ചത്തിനാൽ വലിയ അളവിൽ കോഴിമുട്ടകൾ സഹകരണ സംഘങ്ങളുടെ വിൽപ്പന കേന്ദ്രങ്ങളിൽ എത്തിച്ചതായും അദ്ദേഹം അറിയിച്ചതായി അല്  ഖബാസ് റിപ്പോർട്ട് ചെയ്തു.

നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനായി  വിദേശത്ത് നിന്ന് മുട്ട ഇറക്കുമതി ചെയ്യാൻ സഹകരണ സ്ഥാപനങ്ങളുടെ അസോസിയേഷനുകളെ അനുവദിച്ചു. വിദേശത്ത് നിന്ന് നേരിട്ട് മുട്ട ഇറക്കുമതി ചെയ്യാൻ സഹകരണ മേൽനോട്ട വകുപ്പിനും മന്ത്രാലയം നിർദ്ദേശം നൽകി.

പ്രാദേശിക വിപണിയുടെ ഡിമാൻഡ് പൂർത്തീകരിക്കുന്നതിന് ആവശ്യമായ  കോഴിമുട്ടകൾ, പച്ചക്കറി വിപണികൾ, സഹകരണ വിപണികൾ എന്നിവയിൽ വലിയ അളവിൽ നൽകിയിട്ടുണ്ടെന്നും അൽ റാഷിദി ദിനപത്രത്തോട് വിശദീകരിച്ചു.