പ്രശസ്ത തെന്നിന്ത്യൻസിനിമാ താരം വിവേക്(59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ 4.35നായിരുന്നു അന്ത്യം.
തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ 1961 നവംബർ 19 നാണ് വിവേകാനന്ദൻ എന്ന വിവേക് ജനിച്ചത്. മധുരയിലെ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം, സംവിധായകൻ കെ. ബാലചന്ദറിന്റെ തിരക്കഥാ സഹായിയായി ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്നു. തന്മയത്വത്തോടെ നർമ്മം നിറഞ്ഞ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് വിവേക് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. ശിവാജി സ്വാമി അനിയൻ തുടങ്ങി 200 ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അഞ്ചു തവണയാണ് വിവേകിനെ തമിഴ്നാട് സർക്കാരിൻറെ മികച്ച സഹനടനുള്ള പുരസ്കാരം തേടിയെത്തിയത്. 2009 രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ടെലിവിഷൻ അവതാരകൻ ആയിരിക്കെ മുൻ പ്രസിഡൻറ് എപിജെ അബ്ദുൽ കലാം , തെന്നിന്ത്യൻ താരരാജാവ് രജനീകാന്ത് എന്നിവരുമായി അദ്ദേഹം നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. ഒരു നുണക്കഥ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. ഹരീഷ് കല്യാണ്‍ നായകനായെത്തിയ ധാരാള പ്രഭു എന്ന ചിത്രത്തിലാണ് വിവേക് അവസാനമായി അഭിനയിച്ചത്. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ.