കുവൈത്ത് സിറ്റി : കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്തു വൻ തട്ടിപ്പ്. വ്യാജ വിസകൾ നൽകി നിരവധി പേരെ കബളിപ്പിച്ച ഈജിപ്ഷ്യൻ സ്വദേശി നാടുവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലരിൽ നിന്നായി രണ്ട് ദശലക്ഷം കുവൈത്ത് ദിനാർ ശേഖരിച്ച ശേഷമാണ് ഇയാൾ ഒളിച്ചോടിയത്.
കഴിഞ്ഞ ഒരാഴ്ചയായി തട്ടിപ്പുകാരനായ ഈജിപ്ഷ്യൻ ബ്രോക്കർക്കെതിരെ, ഈജിപ്ത് സ്വദേശികളായ നിരവധി ഇരകൾ ഒന്നിച്ചുചേർന്ന് ക്യാമ്പയിൻ ആരംഭിച്ചിരുന്നു.
2018 മുതൽ 2020 വരെയുള്ള കാലയളവിനുള്ളിൽ രണ്ടായിരത്തോളം വ്യാജ വിസകൾ നൽകി ഇയാള് പലരെയും പറ്റിച്ചു. ഒരു വിസക്ക് 2000 കുവൈത്ത് ദിനാർ ആണ് ഇയാൾ ഈടാക്കിയത്. പലരും ജോലിക്കായി കുവൈത്തിൽ എത്തിയപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ടത് തിരിച്ചറിഞ്ഞത്. പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിരവധി ഇരകൾ ബ്രോക്കർക്കെതിരെ കേസുകൾ ഫയൽ ചെയ്തു.