വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി സുബൈദത്തയും, ഇത്തവണയും ആടുകളെ വിറ്റാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയത്

0
22

തിരുവനന്തപുരം : കേന്ദ്ര വാക്സിൻ നയത്തിനെതിരെ കേരളം വാക്സിൻ ചലഞ്ച് ലൂടെ  കൈകോർക്കുന്നു. ഇതിൽ എടുത്തു പറയേണ്ടത് സുബൈദത്തയെ കുറിച്ചാണ്. കഴിഞ്ഞവർഷം കോവിഡ് തീർത്ത ദുരിത മുഖത്തും സഹജീവികൾക്ക് ഉള്ള സഹായം എന്നോണം ഉപജീവന മാർഗമായ  ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി മാതൃകയായിരുന്നു കൊല്ലം സ്വദേശിനി സുബൈദ. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കഴിഞ്ഞ വര്‍ഷം 5,510 രൂപയായിരുന്നു സുബൈദ അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. ഇത്തവണയും സുബൈദ ആ ഉത്തരവാദിത്വം വീണ്ടുംം ഏറ്റെടുത്തു നിർവഹിച്ചു. ഇത്തവണ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ച് ഫണ്ടിലേക്ക് 5,000 രൂപ നല്‍കി. ഇതും ആടിനെ വിറ്റ് നേടിയ പണം തന്നെ.

സുബൈദയുടെ സഹായ മനസ്‌കതയെക്കുറിച്ച് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. പണം ജില്ലാ കളക്ടര്‍ക്കാണ് സുബൈദ കൈമാറിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്വന്തമായി നടത്തുന്ന ചെറു ചായക്കടയില്‍ നിന്നും ആട് വളര്‍ത്തലിലും നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് സുബൈദ ജീവിതച്ചെലവുകള്‍ നിര്‍വഹിക്കുന്നത്.

നിരവധി പേരാണ് സമാനമായ രീതിയിൽ കേന്ദ്രസർക്കാർ വാക്സിൻ നയത്തിനെതിരെ ഒന്നിച്ച് കൈകോർത്തു പ്രതിരോധം തീർക്കുന്നത്.  രണ്ട് ദിവസത്തിനുള്ളില്‍ വാക്‌സിനേഷനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയിലേറെ രൂപയാണ് സംഭാവനയായി എത്തിയത്.