‘ബിരിയാണി’ ഒരു അവലോകനം

0
19

സുജി മീത്തൽ,

ഒരു സിനിമയെ എങ്ങനൊക്കെ സമീപിക്കാമെന്നാണ്‌ ബിരിയാണിയുടെ പലതരം ‘റിവ്യൂ’ വായിച്ചപ്പോൾ മനസ്സിൽ ആദ്യം പോയ ചിന്ത. (അതിനെയൊക്കെ റിവ്യൂയെന്ന് പറയാവോന്നുള്ള ചർച്ച തൽക്കാലം നമുക്ക്‌ മാറ്റിവെക്കാം).

ഒരു പക്കാ സിനിമാപ്രേമിയായിക്കൊണ്ടും ഒരു സാധാരണ മനുഷ്യനായിക്കൊണ്ടും ഒരു മുസ്ലീമായിക്കൊണ്ടും ഒരു ഇസ്ലാംഫോബിക്‌ ആയ ഒരാളായിക്കൊണ്ടും നമുക്ക് ഈ സിനിമയെ സമീപിക്കാം.

ഒരു സിനിമാ പ്രേമിക്ക്‌, വളരെ ബോൾഡായി ചിത്രീകരിച്ച ഒരു പ്രത്യേക മത വിഭാഗത്തിന്റെ സാമൂഹിക- സാംസ്കാരിക തലങ്ങളെ. എഴുതിയ ആളുടെ കാഴ്ചപ്പാടുലൂടെ മാത്രം ചിത്രീകരിച്ച കലാമൂല്യമുള്ള ഒരു പ്രൊഡക്റ്റാണ്‌ ഈ സിനിമ. അത്‌ സമുദായത്തോട്‌ എത്രമാത്രം നീതിപുലർത്തിയെന്ന് അയാളുടെ വിഷയമായിരിക്കില്ല.

മറിച്ച്‌ ഒരു സാധാരണക്കാരനെ സംബന്ധിച്ച്‌, അയാൾ കാണുന്ന കേൾക്കുന്ന സമൂഹത്തെ പ്രതിനിധീകരിക്കുന്ന പച്ചയ്ക്ക്‌ ചിത്രീകരിച്ച ബോൾഡായ കലാമേന്മയുള്ള ഒരു സിനിമയാകുമിത്. മതത്തിനവിടെ പ്രത്യേക പ്രസക്തിയൊന്നും തോന്നില്ല. പൊതുവേ എല്ലാമതത്തിലും കണ്ടുവരുന്ന തകരാറുകളെ അവരിതിലും കാണുകയുള്ളൂ.

എന്നാൽ ഒരു മുസ്ലീമായികൊണ്ട്‌ സമീപിക്കുമ്പോൾ അവർക്ക്‌ സമ്മിശ്രപ്രതികരണമാവാം ഉണ്ടാവുക. ചിലതിനോട്‌ യോജിക്കാം. പക്ഷെ കൂടുതലും വിയോജിപ്പിന്റെ തലമാകും ഉണ്ടാവുക. അവർക്ക് അപരിചിതമായ ആ പരിസരത്തെ അവർക്ക് അത്രയെളുപ്പം അംഗീകരിക്കുക സാധ്യമാവാൻ വഴിയില്ല. പ്രത്യേകിച്ച്‌ മുസ്ലീം സ്ത്രീകൾക്ക്‌, രതിമൂർച്ച എന്തെന്നറിയാത്തവരൊക്കെയായി അവരെ ചിത്രീകരിക്കുന്നതിന്റെ ഭോഷ്ക്കൊക്കെ കഷ്ടമാണ്‌. ഇതൊക്കെ എല്ലാമതത്തിലെ സ്ത്രീകളൊക്കെ ഒരു പോലെ അനുഭവിക്കുന്നതല്ലെ. തന്നെ തൃപ്തിപ്പെടുത്താൻ കഴിയാത്ത ഭർത്താവിന്റെ മുന്നിൽ വെച്ച്‌ സ്വയംഭോഗം ചെയ്യുന്ന പെണ്ണിനെ സൃഷ്ടിച്ചെടുത്ത ആ ആലോചന എഴുത്തുകാരന്റെ അതിശയോക്തിയല്ലാതെ മറ്റൊന്നുമായി തോന്നിയില്ല. പിന്നെ സ്ത്രീകളുടെ ചേലാകർമ്മത്തിന്റെ കാര്യം അങ്ങനൊന്ന് ഇന്നേവരെ ഈ 41 വയസ്സിനിടയിൽ കേൾക്കുകയോ അറിയുകയോ ചെയ്തിട്ടില്ല.. എല്ലാ മതത്തിലുള്ളതു പോലെ പറിച്ചു മാറ്റേണ്ട കാടൻ നിയമങ്ങളും ആചാരങ്ങളും ഇവിടേയും കാണും. എന്നാൽ കാലം മാറുന്നതനുസരിച്ച്‌ സമുദായത്തിലെ മാറ്റവും കാണാതെ മറച്ചുവെച്ചുള്ള ഒന്നും നിലനിൽക്കുന്നതല്ല. പതിവ്‌ തീവ്രവാദം, മുത്തലാഖ്‌, പൗരോഹിത്യം ഒക്കെ തന്നെ ഇവിടേയും മെയിൻ. പലതും സമീപ ഭാവിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്‌. ഇത്തരത്തിൽ തീവ്രവാദികളായ കുറഞ്ഞ ഒരാൾകൂട്ടം എല്ലാ മതങ്ങളിലും എപ്പോഴുമുണ്ട്‌. പക്ഷെ അത് വീണ്ടും വീണ്ടും കുത്തി പൊക്കി എന്നും മെയിൻ ആകർഷണമായി നിർത്തപ്പെടാറില്ല. സിനിമയിൽ ചിത്രീകരിച്ച പോലുള്ള അസംബന്ധനാടകങ്ങൾ ലോകമെമ്പാടും നടക്കാറുണ്ട്‌. അതൊരു മതത്തിന്‌ മാത്രം ചാർത്തി കൊടുക്കുന്നതിനെ ഒരു മുസ്ലീം കാണി അംഗീകരിച്ചു കൊടുക്കാൻ സാധ്യതയില്ല.

ഇനി ഇസ്ലാംഫോബിക്‌ ആയ കാണിക്കോ ആഘോഷിക്കാൻ വക നൽകുന്ന മൂവിയാകുമിത്‌. നിർഭാഗ്യവശാൽ അതിനുവേണ്ട ചേരുവകളൊക്കെ ഈ ബിരിയാണിയിൽ ഉൾചേർന്നിട്ടുണ്ട്‌. പഴകിയ ചിന്തകളാൽ നയിക്കപ്പെടുന്ന ഒരു കൂട്ടത്തിലപ്പുറം ബിരിയാണിയിൽ മുസ്ലീം സമുദായം വളർന്നിട്ടില്ല. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണെന്ന് ചുറ്റും കണ്ണോടിച്ചാൽ തന്നെ ബോധ്യപ്പെടുമായിരുന്നു.

ഇനി എനിക്കെന്തായിരുന്നു സിനിമ എന്നാലോചിച്ച്‌ നോക്കുമ്പോൾ, സജിൻ ബാബു കൃത്യമായ അജണ്ടയോടെ തന്നെ മതത്തെ പല ആംഗിളിൽ ക്യാമറവെച്ച്‌ ചിത്രീകരിച്ച പോലെ തോന്നി. പക്ഷെ ക്യാമറ മതത്തിന്റെ പഴകിയ തേഞ്ഞ മാഞ്ഞ ഇടങ്ങളെയാണ്‌ കൂടുതൽ സ്പർശ്ശിച്ചത്‌. അത്‌ മതത്തെ പ്രതിനിധീകരിക്കുന്നത്‌ വളരെ കുറവാണ്‌. കദീജ ഇന്നത്തെ സാധാരണ ഒരു മുസ്ലീസ്ത്രീയെ പോലും റപ്രസന്റ്‌ ചെയ്യുന്നില്ല. അത്രയ്ക്ക്‌ ദുർബലയായ ഒന്നിനും പ്രതികരിക്കാൻ ശേഷിയില്ലാത്ത അബലയാണ്‌ കദീജ ഇതിൽ. ഭർത്താവിന്റെ മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്യാൻ ശ്രമിക്കുന്ന കദീജയിൽ പോലും ഒരു തന്റേടിയെ പ്രതിഫലിപ്പിക്കാൻ കാര്യമായി സാധിക്കുന്നില്ല.

അവൾക്ക്‌ ചുറ്റും നടക്കുന്ന ഒരനീതിയോടും അവൾ കലഹിക്കുന്നില്ല. ലൈംഗിക സ്വാതന്ത്ര്യം നേടിയവളായി അവളെ ചിത്രീകരിക്കുമ്പോൾ പോലും പുരുഷമേധാവിത്വത്തിന്റെ കടുത്ത ചൂഷണത്തിന്‌ വിധേയപ്പെടുന്നത്‌ നമുക്ക് കാണാം. കദീജയിൽ ഒരു സ്ത്രീപക്ഷവാദിയേയോ സ്വാതന്ത്യദാഹിയേയോ കാണുവാൻ സാധിക്കാത്തത്‌ നിറഞ്ഞ നിരാശ സമ്മാനിച്ചു. കനി തകർത്തഭിനയിച്ചു. സിനിമ അവതരിപ്പിച്ച രീതിയോട് മതിപ്പ്‌ തോന്നി. ആ അർത്ഥത്തിൽ ഇതൊരു ബോൾഡ്‌ സിനിമ തന്നെയാണ്‌.