റിയാദ്: അടുത്ത വർഷം മുതൽ സൗദിയിൽ ഇറക്കുമതി ചെയ്യുന്ന കൂടുതൽ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ഒരുങ്ങി സൗദി ഫുഡ് അതോറിറ്റി. ഇതു സംബന്ധിച്ച കരട് നിയമം ഹലാൽ സെൻറർ ഇതിനോടകം തയ്യാറാക്കി കഴിഞ്ഞതായും കൂടുതൽ ചർച്ചകൾ പുരോഗമിക്കുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
നിലവിൽ രാജ്യത്ത് മാംസത്തിനും അനുബന്ധ ഉത്പന്നങ്ങൾക്കും മാത്രമാണ് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ളത് . എന്നാൽ, പാല്‍, ചീസ്, തൈര്, മോര് തുടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ എണ്ണ, പശുവിന്‍ നെയ്യ് തുടങ്ങിയ എണ്ണകള്‍, ബിസ്‌ക്കറ്റ്, ചോക്കലേറ്റ്, കേക്ക്, കാന്‍ഡി, ജെല്ലി തുടങ്ങിയ ബേക്കറി ഉല്‍പ്പന്നങ്ങള്‍, പാസ്ത, പിസ്സ, നൂഡില്‍സ് തുടങ്ങിയ ഫ്രോസണ്‍ ഫുഡ് ഇനങ്ങള്‍, എനര്‍ജി-സ്പോര്‍ട്സ് ഡ്രിങ്കുകള്‍, ജൂസുകള്‍, സോസുകള്‍, ന്യൂട്രീഷന്‍ സപ്ലിമെന്റുകള്‍, ബേബി ഫുഡുകള്‍ തുടങ്ങിയ കൂടുതല്‍ കാലം സൂക്ഷിച്ചുവയ്ക്കാവുന്ന ഭക്ഷണപാനീയങ്ങള്‍ തുടങ്ങിയ നൂറിലേറെ ഉല്‍പ്പന്നങ്ങള്‍ക്കാണ് പുതുതായി ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്.
2021 ജൂലൈ മുതല്‍ നടപ്പില്‍ വരുത്താന്‍ പാകത്തില്‍ കഴിഞ്ഞ വര്‍ഷം കരട് നിയമം തയ്യാറാക്കിയിരുന്നുവെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. നിലവില്‍ രണ്ട് ഘട്ടങ്ങളിലായി നിയമം നടപ്പിലാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 2022 ജനുവരി മുതല്‍ ആദ്യഘട്ടവും 2022 ജൂലൈ ഒന്നു മുതല്‍ രണ്ടാം ഘട്ടവും ആരംഭിക്കും.