1000 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും, 75 ലക്ഷം കോവിഡ് വാക്സിനും നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

0
30

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ  ആയിരം  മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. കരുതൽശഖരം എന്ന നിലയ്ക്കാണ് ഓക്സിജൻ അനുവദിക്കണമെന്ന്  സംസ്ഥാനം ആവശ്യപ്പെട്ടത്.  അതോടൊപ്പം  കഴിയാവുന്നത്ര ഓക്സിജൻ ടാങ്കറുകൾ, പിഎസ് എ പ്ലാൻറുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗികളുടെ എങ്ങും ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻറ ആവശ്യവും വർധിച്ചിരിക്കുകയാണ്. സംസ്ഥാനത്തുള്ള ഓക്സിജൻ സ്റ്റോക്ക് വളരെ വേഗം താഴുന്നതിന് ഇത് കാരണമാകുന്നതായും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ആവശ്യപ്പെട്ട 1000 മെട്രിക് ടൺ മെഡിക്കൽ ഓക്സിജനിൽ 500  ടൺ ആദ്യഗഡുവായി അനുവദിക്കണം. പിന്നീട് 500  ടൺ കൂടെ സംസ്ഥാനത്തിനായി മാറ്റിവയ്ക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിനും 25 ലക്ഷം ഡോസ് കൊവാക്സിനും അനുവദിക്കണം എന്ന കാര്യവും കത്തിൽ എടുത്തുപറയുന്നുണ്ട്.