തലമുറ മാറ്റം ലീഗിലും വേണമെന്നാവശ്യം; നേതാക്കളെ പ്രതിസ്ഥാനത്ത് നിർത്തി കെ എം സി സി മുൻസെക്രട്ടറിയുടെ കുറിപ്പ്

0
18

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം  മുസ്ലിം ലീഗിലും എതിർ സ്വരങ്ങൾക്ക് ഇടയാക്കുന്നു. കേരളത്തിലും പുറംനാടുകളിലും ഉള്ള അണികൾ അസ്വസ്ഥരാണ്. അഴീക്കോട്, കുറ്റ്യാടി,കോഴിക്കോട് സൗത്ത്, കളമശേരി തുടങ്ങിയ  സിറ്റിംഗ് സീറ്റുകളിൽ ഉണ്ടായ തോൽവിയും തലമുതിർന്ന, അധികാരംം കൈയാളുന്ന നേതാക്കളായ   കുഞ്ഞാലിക്കുട്ടിയുടെയും കെ.പി എ മജീദിന്റെയും ഭൂരിപക്ഷത്തിലുണ്ടായ ഇടിവും പാർട്ടിയുടെ അടിത്തറയിൽ ഉണ്ടാകുന്ന വിള്ളലുകളിിലേക്കാണ് വിരൽചൂണ്ടുന്നത്. പാർട്ടിക്ക് മുകളിൽ വളർന്നു പന്തലിച്ച കുഞ്ഞാപ്പ മാരുടെയും, ചില നേതാക്കളുടെയും അധികാര ദുഷ്പ്രഭുത്വവും തുറന്നു കാട്ടി കുവൈത്തിലെെ കെഎംസിസി മുൻ സെക്രട്ടറിയും  കുവൈത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ  അസീസ് തിക്കോടി എഴുതിയ ഫെയ്സ്ബുക്ക്് പോസ്റ്റ് ശ്രദ്ധേയമാകുന്നു..

പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ:

മുസ്ലിം ലീഗിൽ ഒരു ഉടച്ചു വാർക്കൽ അനിവാര്യമാകുന്നില്ലേ??

MSF ലും യൂത്ത്ലീഗിലും യുവാക്കളുടെ ആവേശമായിരുന്ന പലരും ഇന്ന് എവിടെയാണെന്ന് പോലും ആർക്കുമറിയില്ല.. വ്യക്തമായ കാഴ്ചപ്പാടും ദിശബോധവുമുള്ളവർ.. സംഘടനാ രംഗത്ത് യുവതയെ ചലിപ്പിക്കാൻ ശേഷിയുണ്ടായിരുന്നവർ.. പുതിയ പുതിയ ആശയങ്ങളുമായി അവർ യുവാക്കളെ ചേർത്ത് നിർത്തിയിരുന്നു..
പക്ഷെ അവരിപ്പോൾ എവിടെയാണ്..? ആരെങ്കിലും അതേക്കുറിച്ച് വേവലാതിപ്പെടുന്നുണ്ടോ?
യൂത്ത് ലീഗിലെ കാലം കഴിഞ്ഞാൽ പിന്നെ അവർക്ക് പ്രവർത്തിക്കാൻ വേദിയില്ലാതാവുന്നു. ലീഗിലേക്ക് പ്രവേശനമില്ല. അവിടം കിളവന്മാർ അടക്കി വാഴുകയാണ്. പാർലമെന്ററി സ്ഥാനങ്ങളും സംഘടന സ്ഥാനങ്ങളും എല്ലാം ഈ കിഴവന്മാർക്ക് തന്നേ തീറെഴുതിയിരിക്കുന്നു.. ആരും വിട്ടു കൊടുക്കില്ല.. അല്ലെങ്കിൽ ശരീരത്തിൽ പച്ചക്കൊടി പുതക്കണം..
സംഘടന തെരഞ്ഞെടുപ്പില്ല. രാഷ്ട്രീയ നയ നിലപാടുകളിൽ ചർച്ചകളില്ല. ചിലരുടെ വ്യക്തി താല്പര്യങ്ങളാണ് പാർട്ടി തീരുമാനമായി പുറത്തു വരുന്നത്..
തങ്ങൾ തീരുമാനിക്കുമെന്നാണ് പറയുക. . പക്ഷെ തങ്ങൾ എന്ത് തീരുമാനിക്കണമെന്ന് കുഞ്ഞാപ്പ പറയുമെന്നാണ് നാട്ടു വർത്തമാനം..
എത്ര കാലം നിങ്ങളിങ്ങനെ മുന്നോട്ട് പോകും.
കാലിന് ചുവട്ടിൽ നിന്ന് മണ്ണൊലിച്ചു പോകുന്നത് നിങ്ങൾ അറിയുന്നുണ്ടോ?
കേവലം ഒരു ആൾക്കൂട്ടത്തിനപ്പുറം എന്ത് സംഘടന സംവിധാനമാണ് ഈ പാർട്ടിയിൽ?.
പണ്ട് അന്തരിച്ച ശിഹാബ് തങ്ങളുടെ കാലത്ത് അല്പമെങ്കിലും സംഘടന അതിന്റെതായ രീതിയിൽ പ്രവർത്തിച്ചിരുന്നു. പക്ഷെ ഇപ്പോൾ???
ഏതെങ്കിലും കഴിവുള്ള വ്യക്തികളെ കണ്ടാൽ അവരെ എങ്ങനെയെങ്കിലും പാർട്ടിയിൽ എത്തിക്കുമായിരുന്നു പണ്ട് സി.എച്ച്.. വ്യക്തി താല്പര്യങ്ങൾക്കപ്പുറം സംഘടനയെയും സമൂഹത്തെയും സ്നേഹിച്ചിരുന്ന നേതാക്കൾ..
അങ്ങനെ സി എച്ച് എത്തിച്ച പല നേതാക്കളും ഇതിന്റെ യശസ്സ് വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ ഇപ്പോൾ അധികാരക്കൊതി മൂത്ത ചിലരുടെ വിഹാര കേന്ദ്രമായി പാർട്ടി മാറി.. കഴിവുള്ളവരെ പരമാവധി അകറ്റാനാണ് ഈ so called നേതാക്കൾ ശ്രമിച്ചിട്ടുള്ളത്. കാരണം അവർക്ക് ഭീഷണിയാവരുത്..സമ്മർദ്ധം കൊണ്ട് ഏതെങ്കിലും യുവാക്കൾക്ക് സീറ്റ് നൽകിയാൽ തന്നേ ഉറച്ച സീറ്റുകൾ നൽകില്ല.. പിടിച്ചെടുക്കേണ്ട സീറ്റുകൾ നൽകും. ഉറച്ച സീറ്റുകൾ തങ്ങൾക്ക് മാത്രമായി നീക്കിവെച്ചിരിക്കുകയാണല്ലോ..
ജീവിത കാലം മുഴുവൻ ഇവർക്ക് അധികാരവും സ്ഥാനങ്ങളും വേണം..
MLA യും ഞാൻ തന്നേ., MP യും ഞാൻ തന്നേ.. കേന്ദ്രമന്ത്രി ആകുമെന്ന സ്വപ്നത്തിൽ അങ്ങോട്ട് പാഞ്ഞു. അവിടെ കിട്ടില്ലെന്നറിഞ്ഞപ്പോൾ ഇങ്ങോട്ട് ചാടി. ഇവിടെയും കിട്ടിയില്ല. ഇനി എങ്ങോട്ട് പോകും? സമൂഹത്തിൽ എത്രത്തോളം താങ്കൾ ഇടിച്ചു താഴ്ത്തപ്പെട്ടു എന്ന് ഒരിക്കലെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ..??

MLA ആയിരുന്നപ്പോൾ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നു ജനം വിധിയെഴുതിയ ആളെ വീണ്ടും ലോക്സഭയിലേക്ക് പറഞ്ഞയച്ചിരിക്കുന്നു.. ആർക്ക് വേണ്ടി?? പാർലമെന്റിൽ ശോഭിക്കാൻ പറ്റുന്ന, കാര്യങ്ങളെ വീട്ടിത്തുറന്നു പറയാൻ കഴിയുന്ന എത്രയൊ ചെറുപ്പക്കാർ പാർട്ടിയിലില്ലേ? അവരെയൊന്നും പറഞ്ഞയക്കാൻ നിങ്ങൾ എന്ത് കൊണ്ട് ശ്രമിക്കുന്നില്ല..!! നിങ്ങളുടെ സ്തുതിപാടകർക്കു മാത്രമായി ഇതെല്ലാം സംവരണം ചെയ്തിരിക്കുന്നു..
അതല്ലേ സത്യം. പാർട്ടിയിലെ പ്രവർത്തനമോ ജനകീയ ഇടപെടലുകളോ, സമൂഹത്തിലിറങ്ങി പ്രവർത്തിക്കുന്നതോ നിങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കാനുള്ള മാനദണ്ഡം ആകാറില്ല.
ഉത്തരെന്ത്യയിലെ ഗ്രാമങ്ങളിൽ വിശ്രമമില്ലാതെ ഓടി നടന്ന് ജനങ്ങൾക്ക് ആശ്വാസം പകർന്ന എത്രയോ യുവ നേതാക്കൾ നമുക്കുണ്ടായിരുന്നു. അവർക്കാർക്കെങ്കിലും ഈ ലോകസഭ സീറ്റ് നൽകിയിരുന്നെങ്കിൽ നിങ്ങൾ വാഴ്ത്തപ്പെടുമായിരുന്നു, അവർക്ക് ഉത്തരേന്ത്യൻ മണ്ണിൽ കൂടുതൽ കരുത്തോടെ പ്രവർത്തിക്കാമായിരുന്നു.

മത്സരിക്കാൻ ചില പ്രത്യേക വിഭാഗം.
ജയിച്ചാൽ മന്ത്രിമാരാകാൻ പ്രത്യേകം ആൾക്കാർ.. ഇവർക്ക് മാത്രമായി ഇതൊക്കെ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.. അവരുടെ കാര്യത്തിൽ അവർ തന്നേ തീരുമാനമെടുക്കുന്നു..
കുഞ്ഞാപ്പ എന്ന കുഞ്ഞാലിക്കുട്ടിയുടെ ചുറ്റും കറങ്ങുന്ന ഒരു സംവിധാനമായി പാർട്ടി മാറിയിട്ട് ഏറെ നാളായി.
പാർട്ടിയുടെ ഉരുക്കു കോട്ടകളിൽ മാത്രമല്ലാതെ വേറെ എവിടെയെങ്കിലും പാർട്ടിയുടെ സാന്നിധ്യമറിയിക്കാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ?.
ജയിച്ചു വന്നിരുന്ന സീറ്റുകൾ പോലും ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.. എന്ത് കൊണ്ടെന്നു ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഏതങ്കിലും തെരഞ്ഞെടുപ്പ് പരാജയങ്ങൾ നിങ്ങൾ കൃത്യമായി വിലയിരുത്തിയിട്ടുണ്ടോ?
ഇല്ല എന്ന് തന്നെയാണ് ഉത്തരം..ഇനിയും മണ്ണിളകും.. അതിനു മുമ്പ് ചിന്തിക്കാനും പ്രവർത്തിക്കാനും സംഘടന സംവിധാനങ്ങൾ ഉടച്ചു വാർക്കാനും പുതിയ നേതൃത്വത്തെ കൊണ്ട് വരാനും നിങ്ങൾക്ക് കഴിഞ്ഞാൽ പാർട്ടി രക്ഷപ്പെടും.
അതല്ല, ഞാൻ മാത്രം രാജാവ് എനിക്ക് ശേഷം പ്രളയം എന്നാണ് ചിന്തയെങ്കിൽ നല്ല നമസ്കാരം.

സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം വലിച്ചെറിഞ്ഞ മജീദാക്ക മന്ത്രിയാകാൻ പോയി.. പണി പാളി..
കഷ്ടിച്ച് രക്ഷപ്പെട്ടു MLA ആയി..
ഇനിയിപ്പോ യുദ്ധത്തിൽ നിന്നും പിന്തിരിഞ്ഞോടിയ സാക്ഷാൽ സാഹിബ് തന്നേ ജനറൽ സെക്രട്ടറി ആയി വരുമെന്നാണ് കേൾക്കുന്ന വാർത്തകൾ.. അദ്ദേഹം തന്നെയാണ് ദേശീയ സെക്രട്ടറിയും..എന്തൊരു ദുരന്തമാണ് സാഹിബ് മാരെ നിങ്ങൾ.. ഈ ആർത്തി എന്ന് തീരും?? കുറെ കാലമായില്ലേ നിങ്ങൾ അധികാരത്തിന്റെ ശീതളഛായയിൽ അഭിരമിക്കുന്നു.. മതിയായില്ലേ? നിങ്ങൾക്കും ഒരു വിശ്രമമൊക്കെ വേണ്ടേ?
ഒന്നൊഴിഞ്ഞു കൊടുക്കരുതോ? അടുത്ത തലമുറ വരട്ടെ.. അവരുടെ കഴിവുകൾ സമൂഹത്തിനു ഉപകാരപ്പെടാതെ പോവുകയാണ്. പുതിയ കാഴ്ചപ്പാടുകൾ, പുതിയ കാലത്തിനു അനുയോജ്യമായ രീതിയിൽ സംഘടനയെ കാലാനുസൃതമായി പരിഷ്കരിക്കാൻ യുവ നേതൃത്വത്തിന് മാത്രമേ സാധിക്കൂ.. നേതൃ പടവമുള്ള എത്രയോ യുവാക്കൾ ലീഗിലുണ്ട്… യൂത്ത് ലീഗിൽ കഴിവ് തെളിയിച്ചവരെ ലീഗിന്റെ നേതൃത്വത്തിലേക്ക് കൊണ്ട് വരാൻ ഏറ്റവും നല്ല അവസരം ഇത് തന്നെയാണ്.. അവർക്ക് തെറ്റു പറ്റുമ്പോൾ ചൂണ്ടിക്കാട്ടാൻ ഉപദേശകരായി നിങ്ങൾ ഉണ്ടാവുക എന്നതല്ലേ കൂടുതൽ അഭികാമ്യം!!

വാർഡ് തലം മുതൽ പാർട്ടിയെ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. തങ്ങൾ(കുഞ്ഞാപ്പയുടെ നിർദ്ദേശംപോലെ ) നോമിനേറ്റ് ചെയ്യുന്ന രീതി പാടെ ഒഴിവാക്കി ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുക.. വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ ഈ രീതിയിൽ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തി ജനങൾക്ക് അഭികമ്യരായ നേതാക്കൾ സംഘടനയെ നയിക്കട്ടെ.. അതല്ലേ ഹീറോയിസം..അതിനായുള്ള പ്രവർത്തനങ്ങൾക്ക് പറ്റിയ സമയമാണ്.. വേറെ പണിയൊന്നുമില്ലല്ലോ..
ഹൈപവർ കമ്മിറ്റി എന്ന പേരിൽ നാല് പേര് ചേർന്ന് ചിലരുടെ വ്യക്തി താല്പര്യങ്ങൾ പാർട്ടി തീരുമാനമായി പുറത്തു വിടുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കുക..
ഈ പാർട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കരുതുന്ന ലക്ഷക്കണക്കിന് സാധാരണ പ്രവർത്തകരുണ്ട്. തിരിച്ചൊന്നും ആഗ്രഹിക്കാതെ…അവരുടെ ആശയും ആവേശവുമാണ് ഈ ഹരിത പതാക. അഭിമാനത്തോടെ അന്തസ്സോടെ ഈ പതാക വാനിലൂയരണം എന്ന് മാത്രം ചിന്തിക്കുന്ന പാവങ്ങൾ. അവരുടെ ആത്മാർത്ഥതയെ ആണ് നിങ്ങൾ ചൂഷണം ചെയ്യുന്നത്..
നിങ്ങളുടെ ദുഷിച്ച അധികാരക്കൊതി മൂലം ഇല്ലാതായിപ്പോകുന്നത് ഇവരുടെ സ്വപ്‌നങ്ങൾ കൂടിയാണെന്നു ഇനിയെങ്കിലും നിങ്ങൾ മനസിലാക്കുമെന്ന് കരുതുന്നു.
അതല്ല, ഇനിയും ഇതിൽ അട്ടയെ പ്പോലെ പറ്റിപ്പിടിച്ചു അധികാരങ്ങളിലേക്ക് കയറാം എന്നാണ് ധാരണയെങ്കിൽ അതിദാരുണമായ തോൽവികളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്.