കൊടകര കുഴല്‍പ്പണ കേസിൽ ബിജെപി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷ് സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുക. ഇരുവരോടും ഇന്ന് തൃശൂരില്‍ ഹാജരാകാന്‍ അന്വേഷണസംഘ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ കാറിലുണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്ക്, ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജ് എന്നിവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.ബിസിനസുമായി ബന്ധപ്പെട്ട് സുനില്‍ നായിക്ക് നല്‍കിയ പണമാണ് ഇതെന്നായിരുന്നു ധര്‍മരാജ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകള്‍ ഇതുവരെയും എത്തിച്ചിട്ടില്ല.
നേരത്തെ, പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ബിജെപിയുടെ മൂന്നു നേതാക്കളെ ചോദ്യം ചെയ്തിരുന്നു. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി, ട്രഷറര്‍ സുജയ് സേനന്, മേഖലാ സെക്രട്ടറി കാശിനാഥന് എന്നിവരെയാണ് ചോദ്യം ചെയതത്.
ചോദ്യം ചെയ്യലിൽ കടത്തിക്കൊണ്ടുന്ന പണം ലക്ഷങ്ങളല്ല കോടികളാണ് എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ഗൗരവത്തോടെയാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഇന്ന് നേതാക്കളെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തുന്നതും ഇതിനാണ്.