നിതാഖാത്ത് രണ്ടാം ഘട്ടം പ്രഖ്യാപിച്ച് സൗദി; 340000 പ്രവാസികളെ ബാധിക്കും

0
16

റിയാദ്‌: സൗദിയില്‍ സ്വദേശിവത്‌കരണം (നിതാഖാത്ത്‌) രണ്ടാം ഘട്ട പദ്ധതികള്‍ പ്രഖ്യാപിച്ച്‌ മാനവവിഭവ സാമൂഹിക വികസന മന്ത്രാലയം. തൊഴിൽ വിപണിയിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സൗദി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങൾ നൽകുന്നതിനും ലക്ഷ്യമിടുന്നതാണ് ഇവയെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത തൊഴിൽ സാമൂഹിക വികസന മന്ത്രി അഹ്മദ് അൽ രാജ്ഹി വെളിപ്പെടുത്തി. രാജ്യത്തെ  പൗരന്‍മാര്‍ക്കായി 340,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. 2024 ആകുമ്പോഴേക്കും ഇത് നടപ്പാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തു

നിതാഖാത്തിന്ർറെ രണ്ടാം ഘട്ടം അടുത്ത മൂന്ന് വർഷം നീണ്ടുനില്‍ക്കുന്നതാണ്. ഈ ഘട്ടത്തില്‍ പ്രാധാനമായും ഊന്നല്‍ നല്‍കുന്നത് സ്വകാര്യ മേഖലയിലെ ജോലികളില്‍ സൗദി സ്വദേശികള്ക്ക് പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനാണ്. നിലവില്‍  ഓരോ സ്ഥാപനത്തെയും വിവിധ വിഭാഗങ്ങളായി തിരിച്ച് നിശ്ചിത ശതമാനം സൗദികള്‍ക്ക് സംവരണം നല്‍കുന്നതാണ് രീതി. ഇതില്‍ മാറ്റം വരുത്തി, പകരം ഓരോ സ്ഥാപനത്തിലും നിശ്ചയമായും നിയമിക്കേണ്ട സ്വദേശികളുടെ എണ്ണം നിര്‍ണയിച്ച് നല്‍കും. സ്ഥാപനങ്ങളിലെ  ആകെ ജീവനക്കാരുടെ എണ്ണത്തിന് അനുസൃതമായിട്ടായിരിക്കും ഇത്.സ്വദേശികള്‍ക്കായി സംവരണം ചെയ്യപ്പെട്ട ജോലികളില്‍ സമാന സ്വഭാവമുള്ളവയെ സമന്വയിപ്പിച്ച് നിലവിലെ 85 വിഭാഗങ്ങളില്‍ നിന്ന് 32 ആക്കി കുറയ്ക്കാനും തീരുമാനമായി.

2011ലായിരുന്നു നിതാഖാതിന്റെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചത്. സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് നിശ്ചിത ശമ്പളത്തോടെ നിശ്ചിത ശതമാനം ജോലി നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഇത്. തുടക്കത്തില്‍ 3000 റിയാലായിരുന്നു അടിസ്ഥാന ശമ്പളം. ഈ വര്‍ഷം ആദ്യത്തോടെ അത് 4000 റിയാലാക്കി ഉയര്‍ത്തി.

സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി വിവിധ മേഖലകളിലെ ജോലികള്‍ സൗദികള്‍ക്ക് മാത്രമാക്കുകയും പ്രവാസികളെ ആ ജോലികളില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. അതിനു പുറമെയാണ് സ്വകാര്യ സ്ഥാപനങ്ങളിലെ നിശ്ചിത ശതമാനം ജോലികള്‍ സൗദികള്‍ക്കായി മാറ്റിവയ്ക്കണമെന്ന വ്യവസ്ഥ. അടുത്ത മൂന്ന് വര്‍ഷത്തിനിടെ സൗദികള്‍ക്ക് 3.4 ലക്ഷം ജോലികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ നിന്ന് കൂടുതല്‍ പ്രവാസികള്‍ പുറത്താവുമെന്നാണ് വിലയിരുത്തപ്പെടുന്നത്