കുവൈത്ത് സിറ്റി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികളുടെ സഹകരണത്തോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഏറ്റെടുത്ത് കുവൈത്ത് ‘ പ്രവാസി സമൂഹത്തിൽ നിന്നും സമാഹരിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ ഉൾപ്പെടുന്ന രണ്ട് കണ്ടെയ്നറുകൾ മെയ് 23ന് കൊച്ചിക്ക് പുറപ്പെടും.
348ഓക്സിജൻ സിലിണ്ടർ,100ഓക്സിജൻ കോൺസ്ട്രേറ്റർസ്, 250റെഗുലേറ്റർ ഉൾപ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളാണ് കണ്ടെയ്നറുകളിലുള്ളത്. നേരത്തെ കല കുവൈറ്റിന്റെ ആദ്യഘട്ട സഹായമായി 500 പൾസ് ഓക്സീമീറ്ററുകൾ കേരളത്തിൽ നോർക്കയെ ഏൽപ്പിച്ചിച്ചിരുന്നു. കുവൈത്തിലെ ഇന്ത്യൻ സമൂഹം, ഇന്ത്യൻ ബിസിനസ്സ് കമ്മ്യൂണിറ്റി നേതാക്കൾ, വിവിധ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരിൽ നിന്നും ഒന്നേ കാൽ കോടി രൂപയുടെ വൈദ്യ ഉപകരണങ്ങൾ സംഭാവനയായി ലഭിച്ചതായി പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ അറിയിച്ചു.കഴിഞ്ഞ ദിവസം പ്രവാസി ക്ഷേമ നിധി ബോർഡ് ഡയരക്റ്റർ എൻ. അജിത് കുമാർ, കല കുവൈറ്റ് ജനറൽ സെക്രട്ടറി സി കെ നൗഷാദ് ലോക കേരള സഭാംഗം സാം പൈനുംമൂട്, സജി തോമസ് മാത്യു എന്നിവർ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിക്കുകയും നടന്ന പ്രവർത്തനങ്ങൾ വിശദികരിക്കുകയും ഇന്ത്യൻ എംബസി നൽകിയ പിന്തുണക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു
.ഈ പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും, സംഘടനകൾക്കും നന്ദി രേഖപ്പെടുത്തുന്നതായും തുടർ പ്രവർത്തനങ്ങൾ നടന്ന് വരുന്നതായും നേതാക്കൾ അറിയിച്ചു