ഖത്തറിൽ പ്രവാസി പങ്കാളിത്തമുള്ള കമ്പനികൾ ജൂൺ 30 നകം ടാക്സ് റിട്ടേൺ സമർപ്പിക്കണം

0
18

ദോഹ : പ്രവാസി പങ്കാളിത്തത്തോടെ ഖത്തറിൽ പ്രവർത്തിക്കുന്ന കമ്പനികള്‍ കഴിഞ്ഞ വര്‍ഷത്തെ ടാക്സ് റിട്ടേണ്‍ ഈ മാസം 30നകം സമര്‍പ്പിക്കണമെന്ന് ജനറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു. ഖത്തർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ആഗസ്ത് 31 ആണ്.10 ലക്ഷം റിയാലില്‍ കുറവ് മൂലധനവും 50 ലക്ഷം റിയാലില്‍ കുറഞ്ഞ വാര്‍ഷിക വരുമാനവുമുള്ള കമ്പനികള്‍ക്കും നികുതി ഇളവ് അനുവദിച്ചിട്ടുണ്ട്.

2020-2021 സാമ്പത്തിക വര്‍ഷത്തെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ 30നായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത് നീട്ടുകയായിരുന്നു. ഇപ്പോൾ നിശ്ചയിച്ച തീയതിക്കകം റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ആരും വീഴ്ച പരത്തുന്നവർക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.

ഖത്തറിലെ ഇടത്തരം ചെറുകിട കമ്പനികളും ഖത്തരി പൗരന്‍മാരുടെയും ജിസിസി പൗരന്‍മാരുടെയും ഗാര്‍ഹിക സംരംഭങ്ങളും ദരീബ പോര്‍ട്ടല്‍ വഴി സിംപ്ലിഫൈഡ് ടാക്സ് റിട്ടേണ്‍ നല്‍കണം.വരുമാനം കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ലീസ് കോണ്‍ട്രാക്റ്റ്, നല്‍കുന്ന ശമ്പളം വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ്, വൈദ്യുതി, വെള്ളം തുടങ്ങിയ മറ്റ് ചെലവുകളും അവയുടെ ബില്ലുകളും മുതലായവയും ഇതോടൊപ്പം നല്‍കണം. അതേസമയം, സിംപ്ലിഫൈഡ് ടാക്‌സ് റിട്ടേണ്‍ ഫോം നല്‍കുന്ന എല്ലാവരും ആദായ നികുതി നല്‍കേണ്ടിവരില്ലെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും സാങ്കേതിക സഹായങ്ങള്‍ക്കും ജനറല്‍ ടാക്സ് അതോറിറ്റിയുടെ 16565 എന്ന നമ്പറിലോ support@dhareeba.gov.qa എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.