കെ സുധാകരൻ കെപിസിസി അധ്യക്ഷൻ

0
20

കെപിസിസി അധ്യക്ഷനായി മുതിര്‍ന്ന നേതാവ് കെ.സുധാകരനെ ഹൈക്കമാൻഡ് തെരഞ്ഞെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി സുധാകരനെ അധ്യക്ഷനാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തകര്‍ക്കിടയിലെ സ്വീകാര്യതയും ശക്തമായ നിലപാടുകളും സുധാകരനെ പരിഗണിക്കാന്‍ അനുകൂല ഘടകമായി.

സംസ്ഥാന വിഷയവുമായി ബന്ധപ്പെട്ട് താരിഖ് അൻവർ സമർപ്പിച്ച റിപ്പോർട്ടിൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആരുടെയും പേര് നിർദ്ദേശിച്ചിരുന്നില്ല. എന്നാൽ ഏറ്റവും മുതിർന്ന നേതാക്കൾ ഒഴികെ മറ്റ് നേതാക്കളെല്ലാം കെ സുധാകരനെ പിന്തുണയ്ക്കുകയായിരുന്നു.എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ ഡിസിസി പ്രസിഡന്റുമാരുടെയും അഭിപ്രായം ആരാഞ്ഞ ശേഷം ആണ് പ്രസിഡൻറിനെ തീരുമാനിച്ചത്. 70 ശതമാനം പേരും സുധാകരന് അനുകൂലമായി നിലപാട് എടുത്തു

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെയും നിര്‍ദേശിക്കാന്‍ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും, മുല്ലപ്പള്ളി രാമചന്ദ്രനും തയ്യാറാവാത്തത് ആയിരുന്നു തീരുമാനം വൈകാൻ കാരണം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം പരിഗണിക്കാതെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തിലുള്ള വിയോജിപ്പാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെയും നിര്‍ദേശിക്കേണ്ടതില്ലയെന്ന നേതാക്കളുടെ തീരുമാനത്തിനു കാരണം. ഇതേ തുടര്‍ന്ന്, മൂന്നു നേതാക്കളുമായും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്നലെ പ്രത്യേകമായി ഫോണില്‍ സംസാരിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരുടെയും പേരു പറഞ്ഞില്ലെങ്കിലും കെ. സുധാകരനെ അധ്യക്ഷനാക്കുന്നതില്‍ സതീശനും അനുകൂല നിലപാടായിരുന്നു.