ഇന്ത്യൻ – കുവൈത്ത് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റിനുള്ള ധാരണപത്രം ഇരുരാജ്യങ്ങളും ഒപ്പുവച്ചു

0
21

കുവൈത്ത് സിറ്റി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ശ് സിബി ജോർജും കുവൈത്ത് വിദേശകാര്യ സഹമന്ത്രി മജ്ദി അഹ്മദ് അൽ – ദാഫിർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.

കോവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ പ്രതിസന്ധി നേരിട്ട ഇന്ത്യയ്ക്ക് ദ്രവീകൃത ഓക്സിജനും മറ്റ് മെഡിക്കൽ സഹായങ്ങളും ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്ന കുവൈത്ത് സർക്കാറിനോടുള്ള നന്ദി കുവൈത്ത് പ്രധാനമന്ത്രിയോട് ജയശങ്കർ നേരിട്ട് രേഖപ്പെടുത്തി . പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബയെ അഭിസംബോധന ചെയ്തു കൊടുത്തയച്ച കത്ത് ജയശങ്കർ പ്രധാനമന്ത്രിക്ക് കൈമാറി. ഇരുരാജ്യങ്ങൾക്കുമിടയിലെ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധം സംബന്ധിച്ചും, മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബയുടെ ക്ഷണപ്രകാരമാണ് ജയശങ്കർ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ എത്തിയത്. ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിൻ്റെ അറുപതാം വാർഷികാഘോഷ ങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ജയശങ്കറിൻ്റെ സന്ദർശനം. ഇരു വിദേശകാര്യമന്ത്രിമാരും തമ്മിൽ ഡെലിഗേഷൻ തല ചർച്ച നടത്തി. ഉഭയകക്ഷി ബന്ധം, പ്രാദേശിക സംഭവവികാസങ്ങൾ, ആഗോള പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും സംവദിച്ചു.

കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾ, മനുഷ്യരാശിക്കുണ്ടായ ദുരിതങ്ങൾ, പാൻഡെമിക്കുമായി സംയുക്തമായി പോരാടാനും അവരുടെ പൗരന്മാർ നേരിടുന്ന യാത്രാ നിയന്ത്രണങ്ങൾ, വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനുമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത എന്നിവയും ചർച്ച ചെയ്തു. കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചയിൽ പരാമർശിക്കപ്പെട്ടു.

ഇന്ത്യ കുവൈത്ത് ജോയിന്റ് കമ്മീഷൻ മീറ്റിംഗിന്റെ ആദ്യ യോഗം ഈ വർഷാവസാനം നടത്താനും ആരോഗ്യം, ഹൈഡ്രോകാർബൺ, മാൻ‌പവർ എന്നിവയുമായി ബന്ധപ്പെട്ട സംയുക്ത പ്രവർത്തക ഗ്രൂപ്പുകളുടെ യോഗങ്ങൾക്ക് തീയതി നിശ്ചയിക്കുന്നത് സംബന്ധിച്ച് ധാരണയായി. സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടതിനെ ഇരു മന്ത്രിമാരും സ്വാഗതം ചെയ്തു