ഞായറാഴ്ചമുതല്‍ കുവൈത്തില്‍ കോവിഡ് വാക്സിനെടുത്തവർക്ക് മാത്രം ഷോപ്പിങ് മാളുകളിലും റസ്റ്റോറന്റുകളിലും പ്രവേശനം

0
14

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തില്‍ ജനങ്ങളൊത്തുകൂടുന്ന  റെസ്റ്റോറന്റികളിലും, വാണിജ്യ സമുച്ചയങ്ങളിലും വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനാനുമതിയെ മന്ത്രിസഭാ തീരുമാനം അടുത്ത ഞായറാഴ്ച മുതല്‍ നടപ്പിലാക്കും. കൊറോണ  വ്യാപനം നേരിടുന്നതുമായി ബന്ധപ്പെട്ട പ്രധാന സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

6,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള വാണിജ്യ സമുച്ചയങ്ങളിൽ പ്രവേശിക്കാൻ കൊറോണ പ്രതിരോധ വാക്സിൻ  സ്വീകരിച്ചവരെയും വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയ വിഭാഗത്തിലുള്ളവരെയും അനുവദിക്കും . കൂടാതെ റെസ്റ്റോറന്റുകൾ, കഫേകൾ, ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ എന്നിവിടങ്ങിലും പ്രവേശനമുണ്ട്.

തീരുമാനം നടപ്പിലാക്കുന്നതിനായി വാണിജ്യ സമുച്ചയങ്ങളുടെ പ്രവേശന കവാടങ്ങളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഫീല്‍ഡ് ടീമുകളെ നിയോഗിക്കുമെന്ന് സമിതിയുടെ ഉപ ചെയര്‍മാനും കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഡയറക്ടര്‍ ജനറലുമായ അഹമ്മദ് അല്‍ മന്‍ഫൂഹി പറഞ്ഞു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ ‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷന്‍, അല്ലെങ്കില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ‘മന്ന’ ആപ്ലിക്കേഷന്‍ എന്നിവ ജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യണം. കുത്തിവെപ്പെടുത്തെന്ന് തെളിയിക്കുന്നതിനായി ഇതില്‍ ഏതെങ്കിലും ഒന്ന് ഫീല്‍ഡ് ടീമിനെ കാണിക്കേണ്ടതാണ്.

പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുളള മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുന്നതിനായി എല്ലാവരും സഹകരിക്കണമെന്നും അല്‍ മന്‍ഫൂഹി ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ടുള്ള ആപ്ലിക്കേഷനില്‍ മൂന്ന് വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഗരീബ് പറഞ്ഞു. ഇതില്‍ രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെ ‘ഗ്രീന്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം കൊവിഡ് ബാധിക്കുകയും, തുടര്‍ന്ന് രോഗമുക്തി നേടി പത്ത് ദിവസം പിന്നിട്ടവരുമാണ് ‘യെല്ലോ’ വിഭാഗത്തില്‍ (ആകെ 90 ദിവസത്തേക്ക്). വാക്‌സിന്‍ സ്വീകരിക്കാതിരിക്കുകയോ അല്ലെങ്കില്‍ കൊവിഡ് ബാധിച്ചവരോ ആണ് ‘റെഡ്’ വിഭാഗത്തിലുള്ളത്.