പാര്‍ട്ടി അംഗമായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ സിപിഎം മുൻ നേതാക്കള്‍ അറസ്റ്റിൽ

0
24

കോഴിക്കോട്: വടകര മുളിയേരിയിൽ പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതികളായ മുൻ സി.പി.എം പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍.  ബാബുരാജ്, ലിജീഷ് എന്നിവരാണ് പിടിയിലായത്.ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ കരിമ്പനപ്പാലത്തില്‍ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ ബാബുരാജ് സി.പി.എം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയും,ലിജീഷ് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായിരുന്നു . ഇരുവരെയും ഏതാനും ദിവസങ്ങൾക്ക് മുൻപ് പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സി.പി.എം വടകര ഏരിയ സെക്രട്ടറി അറിയിച്ചിരുന്നു.

സി.പി.എം മുളിയേരി ഈസ്റ്റ് ബ്രാംഞ്ചംഗമായ സ്ത്രീയെ ബ്രാഞ്ച് സെക്രട്ടറി പി.പി ബാബുരാജും ഡി.വൈ.എഫ്.ഐ പതിയാരക്കര മേഖലാ സെക്രട്ടറിയും ഇതേ ബ്രാഞ്ചിലെ മെമ്പറുമായ ടി.പി ലിജീഷും ചേര്‍ന്ന് നിരന്തരം ബലാത്സംഗം ചെയ്തെന്നാണ് പരാതി

മൂന്ന് മാസം മുൻപ് സിപിഎം പ്രാദേശിക നേതാക്കൾ നിരന്തരം ബലാത്സംഗം ചെയ്തു എന്ന് കാണിച്ച് ശനിയാഴ്ചയാണ് യുവതി വടകര പൊലീസിൽ പരാതി നൽകിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടര്‍ന്നതെന്ന് യുവതി പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. മാനസിക സംഘർഷം അനുഭവിച്ച യുവതി ബന്ധുക്കളോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്. ബലാത്സംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.