റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. നിയമം, ഡ്രൈവിങ്, റിയല്‍ എസ്റ്റേറ്റ്, സിനിമാ വ്യവസായം, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക എഞ്ചിനീയറിങ് എന്നീ 6 മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കാന് പോകുന്നത്. സൗദി മാനവ വിഭവ ശേഷി സാമൂഹിക വികനസന മന്ത്രി അഹമ്മദ് അല്‍ രാജ്ഹിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കാരുള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ആശങ്ക നല്കുന്നതാണ് പുതിയ തീരുമാനം.
സൗദി വത്കരണത്തിലൂടെ ഘട്ടം ഘട്ടമായി രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. സ്വദേശികള്‍ക്കായി 40,000 തൊഴിലവസരങ്ങളിതുവഴി സൃഷ്ടിക്കും. 2020ന്റെ നാലാം പാദത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 11.7 ശതമാനായി തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്.
ഈ കാലയളവില്‍ സ്വദേശി യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായും, യുവതികളുടെ തൊഴിലില്ലായ്മ നിരക്ക് 20.2 ശതമാനത്തില്‍ നിന്ന് 16.1 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.