ഒമാന്‍ രാത്രികാല കര്‍ഫ്യൂ സമയം നീട്ടി; പെരുന്നാള്‍ അവധിക്ക് പൂര്‍ണ ലോക്ക്ഡൗണ്‍

0
41

മസ്‌കറ്റ്:  കൊവിഡ് വ്യാപനവും കൊവിഡ് മരണങ്ങളും വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ ഒമാനിൽ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നിലവിലെ രാത്രികാല കർഫ്യൂ മൂന്ന് മണിക്കൂര്‍ ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. ഇതുപ്രകാരം വൈകിട്ട് അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ കർഫ്യൂ  ആയിരിക്കുമെന്ന് കൊവിഡ് കാര്യങ്ങള്‍ക്കായുള്ള സുപ്രിം കമ്മറ്റി അറിയിച്ചു. നിലവില്‍ ഇത് രാത്രി എട്ട് മണി മുതല്‍ രാവിലെ എഞ്ചു മണിവരെയാണ്്

ജൂലൈ 16 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന ഈ അധിക നിയന്ത്രണം ജൂലൈ 31 വരെ പ്രാബല്യത്തിലുണ്ടാകും. ഇതുപ്രകാരം വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ യാത്രകള്‍ക്കും പൊതു സ്ഥലങ്ങളില്‍ ഒത്തുചേരുന്നതിനും വിലക്കുണ്ടാകും. ഒപ്പം ഈ സമയങ്ങളില്‍ വ്യാപാര- വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടാനും സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

വലിയ പെരുന്നാളിനോടനുബന്ധിച്ചു വരുന്ന അവധി ദിവസങ്ങളില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു. ഈ ദിവസങ്ങളില്‍ പകല്‍ സമയങ്ങളില്‍ ഉള്‍പ്പെടെ യാത്രകളും ഒത്തുചേരലുകളും വാണിജ്യ പ്രവര്‍ത്തനങ്ങളും പെരുനാള്‍ നമസ്‌കാരവും പരമ്പരാഗത പെരുന്നാൾ ചന്തകളും പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കും. ഇതിനകം 3339 പേരാണ് ഒമാനിന്‍ കൊവിഡ് ബാധിച്ച് മരിച്ചത്.