സൗദി അറേബ്യയിൽ പ്രാർത്ഥന സമയങ്ങളിലും വാണിജ്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാം

0
53

റിയാദ്: സൗദി അറേബ്യയിൽ പ്രാർത്ഥന സമയങ്ങളിൽ കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും തുറന്നിടുന്നത് തുടരാമെന്ന് ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതു സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഫെഡറേഷൻ സർക്കുലർ പുറത്തിറക്കിയിരുന്നു. സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിനിടയിൽ വരുന്ന പ്രാർത്ഥനാവേളകളിൽ തുറന്നു പ്രവർത്തിക്കാം എന്നാണ് സർക്കുലറിൽ പറഞ്ഞിരിക്കുന്നത്.

കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികൾക്ക് അനുസൃതമായി വ്യാപാരസ്ഥാപനങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ശ്രമിക്കണം. കടകൾ അടച്ചിടുന്നത് ഉപഭോക്താക്കൾ ദീർഘനേരം കാത്തിരിക്കുന്നതിനും കൂട്ടം കൂടുന്നതിനും കാരണമാകും. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യം പരിരക്ഷിക്കുന്നതിന് പ്രാർത്ഥന സമയങ്ങളിലും സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണമെന്നാണ് ഫെഡറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്

കഴിഞ്ഞ മാസം സമാനമായ നിർദ്ദേശത്തിൽ സൗദി ഉപദേശക ഷൂറ കൗൺസിൽ വോട്ടെടുപ്പ് നിർത്തിവച്ചിരുന്നു. വാണിജ്യ സ്ഥാപനങ്ങൾ പ്രാർത്ഥന സമയങ്ങളിൽ അടച്ചുപൂട്ടാൻ നിർബന്ധിതരാകരുതെന്നായിരുന്നു ശുപാർശ, ദിവസേനയുള്ള പ്രാർത്ഥനാ സമയങ്ങളിൽ വെള്ളിയാഴ്ച പ്രാർത്ഥനയൊഴികെയുള്ള സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നായിരുന്നു ഇതിൽ എടുത്തു പറഞ്ഞിരുന്നത്.