തിങ്കളാഴ്ച മുതല്‍ അബൂദാബിയില്‍ രാത്രികാല യാത്രാവിലക്ക്

0
15

അബൂദാബി: യുഎഇയുടെ തലസ്ഥാനമായ അബൂദാബിയില്‍ ബലി പെരുന്നാള്‍ അവധി ദിവസങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇതിന്ർറെ ഭാഗമായി ജൂലൈ 19 തിങ്കളാഴ്ച മുതല്‍ രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നു. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം ഉണ്ടാവുക. തിങ്കളാഴ്ചമുതലാണ് പെരുന്നാള്‍ അവധി ആരംഭിക്കുന്നത്. രാത്രിയാത്രാ നിയന്ത്രണത്തോടൊപ്പം വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അവധി ദിനങ്ങളില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് രാത്രി സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് അബൂദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. രാത്രി 12 മണിക്കു ശേഷം ആളുകളോ വാഹനങ്ങളോ പുറത്തിറങ്ങാന്‍ പാടില്ല. ഭക്ഷണം, മരുന്ന്, ചികില്‍സ തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടി വരുന്നവര്‍ അബൂദാബി പൊലീസിന്റെ adpolice.gov.ae എന്ന വെബ്‌സൈറ്റ് വഴി മുന്‍കൂര്‍ അനുമതി നേടണം
യുഎഇയുടെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബൂദാബിയിലേക്ക് പ്രവേശിക്കാന്‍ 24 മണിക്കൂറിനുള്ളിലെടുത്ത ഡിപിഐ പരിശോധനയിലോ, 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധയിലോ കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഡിപിഐ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ മൂന്നാം ദിവസവും പിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ നാലാം ദിവസവും വീണ്ടും പിസിആര്‍ പരിശോധനക്ക് വിധേയരാകണം. ഒരു ഡിപിഐ സര്‍ട്ടിഫിക്കറ്റില്‍ ഒരു തവണ മാത്രമേ പ്രവേശനം അനുവദിക്കൂ. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്.