കുവൈത്തിൽ വസ്ത്ര വിപണിക്ക് ഉണർവേകി ഈദ് ഷോപ്പിംഗ്

0
13

കുവൈത്ത് സിറ്റി:കോവിഡ് അടിച്ചേൽപ്പിച്ച സ്തംഭനാവസ്ഥയിൽ നിന്ന് കരകയറാൻ റെഡിമെയ്ഡ് വസ്ത്ര വിപണിക്ക് താൽക്കാലിക ആശ്വാസമേകുകയാണ് ഈദ് ഷോപ്പിംഗ്. കോവിഡിനെ തുടർന്നുണ്ടായ അടച്ചിടലും, മറ്റു നിയന്ത്രണങ്ങളും മൂലം വലിയ നഷ്ടം നേരിട്ടതിന് ശേഷം കാര്യമായ തിരിച്ചുവരവാണ് പെരുന്നാൾ ഷോപ്പിംഗ് സമയത്ത് വസ്ത്രവ്യാപാര ശാലകൾക്ക് കൈവന്നിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇപ്പോൾ വിപണിക്ക് കാര്യമായ ഉണർവ് കൈ വന്നതായും, എന്നാൽ ആഘോഷങ്ങൾ അവസാനിച്ചുകഴിഞ്ഞാൽ വീണ്ടും സ്തംഭനാവസ്ഥ ഉണ്ടാകുമെന്നും മിക്ക ഉടമകളും ഭയപ്പെടുന്നു.

കോവിഡും തുടർന്നുണ്ടായ അടച്ചിടും തങ്ങളുടെ സാമ്പത്തിക നിലയെ തകർക്കുകയും കടബാധ്യതയുടെ വക്കിൽ വരെ കൊണ്ടുചെന്നെത്തിച്ചതായും പല കടയുടമകളും പറഞ്ഞു. വാണിജ്യ സമുച്ചയ ഉടമകളിൽ നിന്ന് വാടകയിനത്തിൽ ചില കിഴിവുകൾ ലഭിക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കാരണം പുതുവസ്ത്രങ്ങൾ വിപണിയിലേക്ക് എത്താത്തതും ചിലരെയെങ്കിലും പ്രതികൂലമായി ബാധിക്കുന്നുണ്ട്, വസ്ത്ര വിപണിയിലെ വിലക്കയറ്റത്തെ ചിലർ സ്വാഭാവികമായി കണ്ട് പരിഗണിക്കുമ്പോൾ പഴയ മോഡൽ വസ്ത്രങ്ങൾ കൂടുതൽ വില നൽകി വാങ്ങേണ്ടതിൻ്റെ അതിശയോക്തിയിലാണ് മറ്റൊരു വിഭാഗം. കുട്ടികളുടെ വസ്ത്ര വിപണിയിൽ ഇരട്ടിയിലധികമാണ് ഇത്തവണ വിലയെന്ന് പല ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു.