കുവൈത്ത് സിറ്റി: മതപരമായ വിലക്കുകള്‍ ലംഘിച്ച് ടിവി പരിപാടിയിൽ ഇബ്രാഹീം പ്രവാചകനെ ചിത്രീകരിച്ചു എന്ന കുറ്റത്തിന് കുവൈത്തിൽ ടിവി ചാനലിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി. ആത്മീയ ചാനലായ ചാനല്‍ 2നാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതെന്ന് കുവൈത്ത് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ അറിയിച്ചു. പരിപാടിയിൽ അഭിനയിച്ചവരും അണിയറപ്രവർത്തകരും പബ്ലിക് പ്രൊസിക്യൂട്ടര്‍ മുമ്പാകെ ഹാജരാവാനും കുവൈത്ത് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ചാനല്‍ സംപ്രേഷണം ചെയ്‌ത ഹജ്ജിന്റെ ചരിത്രം പറയുന്ന പരിപാടിയിലാണ് പ്രവാചകനായ ഇബ്‌റാഹീമിന്റെ ചിത്രീകരണം ചാനല്‍ നല്‍കിയത്. പ്രവാചകന്‍മാരെ ചിത്രീകരിക്കുന്നതിന് ഇസ്ലാമില്‍ വിലക്കുണ്ടെന്നും കുവൈത്ത് വിവര വിനിമയ വകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ മുതൈരിയുടെ നിര്‍ദ്ദേശപ്രകാരമാണ് ടിവി ചാനലിനെതിരായ നടപടിയെന്നും മന്ത്രാലയം വക്താവ് അന്‍വര്‍ മുറാദ് അറിയിച്ചു
ഇംഗ്ലീഷ് കാണികള്‍ക്കായി തയ്യാറാക്കിയ പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് മന്ത്രാലയത്തിനു കീഴിലെ മതപരമായ കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള സമിതിയെ കാണിച്ച് അനുമതി തേടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതപരമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടിവി പ്രോഗ്രാമുകളുടെ എല്ലാ വശങ്ങളും പരിശോധിച്ച് അനുമതി നല്‍കാന്‍ കമ്മിറ്റിയെ മുന്‍ കൂട്ടി പ്രോഗ്രാം കാണിക്കണമെന്നാണ് കുവൈറ്റിലെ നിയമമെന്നും അദ്ദേഹം പറഞ്ഞു.