കുവൈത്ത് സിറ്റി: പെരുന്നാൾ അവധി ദിനങ്ങളിൽ കുവൈത്തിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് മടങ്ങിയെത്തിയത് മുപ്പതിനായിരത്തിലധികം പേരെന്ന് സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. ഈദിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ 282 വിമാനങ്ങളാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുകയും വരുകയും ചെയ്തെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) വ്യോമഗതാഗത മേധാവി അബ്ദുല്ല അൽ രാജിഹി പറഞ്ഞു. 30600 യാത്രക്കാരാണ് ഈ ദിനങ്ങളിൽ യാത്രചെയ്തത്. ആദ്യ ദിവസം 90 വിമാനങ്ങളാണ് സർവീസ് നടത്തിയത്. 46 വിമാനങ്ങൾ കുവൈത്തിലേക്ക് വരികയും 44 വിമാനങ്ങൾ കുവൈത്തിൽ നിന്ന് പുറപ്പെടുകയും ചെയ്തു. രണ്ടാം ദിവസം ആകെ 95 വിമാനങ്ങളും മൂന്നാം ദിനം 97 വിമാനങ്ങളും സർവീസ് നടത്തി.