കുവൈത്ത് സിറ്റി: സാധുതയുള്ള റസിഡൻസിയുമായി 280,000ത്തോളം പ്രവാസികള്‍ കുവൈത്തിലേക്ക് മടങ്ങിവരാൻ ആകാതെ സ്വദേശത്ത് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. സ്‌പോണ്‍സര്‍മാര്‍ റെസിഡന്‍സി പുതുക്കാത്തതിനാല്‍ ഏകദേശം 250,000 പ്രവാസികളുടെ പെര്‍മിറ്റ് കഴിഞ്ഞ വര്‍ഷം മുതല്‍ കാലഹരണപ്പെട്ടിരുന്നു. കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ കർശന യാത്ര നിയന്ത്രണങ്ങൾ മൂലം പ്രവാസികൾക്ക് തിരികെ മടങ്ങി എത്താനായില്ല. ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതിയുണ്ടെങ്കിലും, കര്‍ശന വ്യവസ്ഥകളുടെ പശ്ചാത്തലത്തില്‍ വലിയൊരു ശതമാനം പ്രവാസികള്‍ക്കും കുവൈത്തിലേക്ക് ഉടനെ മടങ്ങിയെത്താനാകില്ലെന്നാണ് റിപ്പോര്‍ട്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ബാർകോഡ് മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം നിലനിൽക്കുന്നത് പ്രവാസികളുടെ മടങ്ങിവരവിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
കൊറോണ എമർജൻസി കമ്മിറ്റിയുടെ പ്രത്യേക അനുമതി ആവശ്യമുള്ളതിനാൽ ടൂറിസ്റ്റ്, ഫാമിലി, കൊമേഴ്‌സ്യൽ വിസിറ്റ് വിസ തുടങ്ങിയ എല്ലാ വിസകളും ഇപ്പോഴും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഗാർഹിക തൊഴിലാളികളുടെ വിസകൾ മാത്രമാണ് നൽകുന്നത്.