ലവ്‌ലിനയിലൂടെ രണ്ടാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

0
25

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. വനിതകളുടെ 69 കിലോ ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടി. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.

25 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ പ്രതീക്ഷയായ മനു ഭാക്കറും രാഹി സർണോബത്തും യോഗ്യതാ റൗണ്ടിൽ പുറത്തായി. അതേസമയം 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ ദേശീയ റെക്കോർഡ് തിരുത്തി. 8:18.12 മിനുറ്റിൽ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോർഡാണ് മറികടന്നത്. എന്നാല്‍ ഏഴാമതായേ അവിനാഷിന് ഫിനിഷ് ചെയ്യാനായുള്ളൂ.

അമ്പെയ്‌ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ദീപികാ കുമാരി ക്വാർട്ടറിലെത്തിയത് പ്രതീക്ഷയാണ്. റഷ്യൻ താരത്തെ തോൽപിച്ചാണ് മുന്നേറ്റം. ക്വാർട്ടറിൽ കരുത്തയായ എതിരാളിയെയാണ് ദീപികയ്ക്ക് നേരിടേണ്ടത്. തെക്കൻ കൊറിയൻ താരമായ ആൻ സാനിനെയാണ് ദീപിക നേരിടുക.